ഞെട്ടലോടെയാണ് ലോകം അന്ന് ആ വാര്‍ത്ത കേട്ടത്, ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 1991 മെയ് 21 ന് ശ്രീ പെരുംപുതൂരില്‍ വച്ചായിരുന്നു ആ സംഭവം. ബെല്റ്റു ബോംബ് അണിഞ്ഞ ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ മറ്റു പതിനാലു പേരും മരിച്ചുവീണു. ധനു (തേന്മൊഴി രാജരത്നം)വാണ് അന്ന് എല്‍ടിടിഇയ്ക്കു വേണ്ടി മനുഷ്യബോംബായത്. ശ്രീലങ്കയിലേക്ക് അവിടത്തെ സര്‍ക്കാരിനെതിരേ പോരടിച്ച തമിഴ് വിമോചന പുലികളെ ചെറുക്കാന്‍ ഇന്ത്യന്‍ സമാധാന സേനയെ അയച്ചതിന്റെ പ്രതികാരമായിരുന്നു അവര്‍ ചെയ്തത്.
രാത്രി 10.10ഓടെ വെള്ളക്കാറില്‍ നിന്നിറങ്ങി വേദിയിലേക്ക് നീങ്ങുന്നതിനിടെ രാജീവ് ഗാന്ധിയെ പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും കുട്ടികളുമെല്ലാം പുഷ്പഹാരങ്ങള്‍ അണിയിച്ചിരുന്നു. ആസമയം ആള്‍ക്കൂട്ടത്തില്‍ നിന്ന് കടന്നു വന്ന ധനു കുനിഞ്ഞ് രാജീവ് ഗാന്ധിയുടെ കാല് തൊട്ട് വന്ദിക്കുകയും അതേ സമയം സ്വിച്ചമര്‍ത്തി അരയിലെ ബോംബ് പൊട്ടിക്കുകയുമായിരുന്നു. ആര്‍ഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഒരു തമിഴ് പത്രത്തിെന്റ ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ ധനുവിെന്റ ചിത്രം പതിഞ്ഞിരുന്നു. സ്ഫോടനത്തില്‍ ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടിരുന്നു. ഗായത്രിയെന്നായിരുന്നു ധനുവിെന്റ ശരിയായ പേര്.
സിബിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ചന്ദ്രശേഖര്സര്ക്കാരാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. ഡി. ആര്. കാര്‍ത്തികേയനായിരുന്നു സംഘത്തലവന്. കൃത്യമായി ആസൂത്രണം ചെയ്തതാണ് അരുംകൊലയെന്ന് ജസ്റ്റീസ് വര്‍മ്മ കമ്മീഷനും ജെയ്ന്‍ കമ്മീഷനും കണ്ടെത്തിയിട്ടുമുണ്ട്.
പുലിത്തലവന് വേലുപ്പിള്ളപ്രഭാകരന് രാജീവ് ഗാന്ധിയോടുള്ള വിരോധം തീര്‍ത്തതാണെന്നും കണ്ടെത്തി. താന്‍ അധികാരത്തില്‍ എത്തിയാല്‍ പുലികളെ നിരായുധരാക്കുമെന്ന രാജീവിെന്റ അഭിമുഖമാണ് വിരോധമുണ്ടാക്കിയത്.
ഗൂഢാലോചനയടക്കം നടന്ന സംഭവത്തില്‍ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ടാഡ നിയമപ്രകാരമെടുത്ത കേസില്‍ ചെന്നൈ ടാഡാ കോടതി 26 പേര്‍ക്കും വധശിക്ഷ വിധിച്ചു. ഇത് വിവാദക്കൊടുങ്കാറ്റായി. പിന്നീട് സുപ്രീം കോടതിയില്‍ അപ്പീലായി. 1999ല്‍ അപ്പീലില്‍ വന്ന വിധിയില്‍ വധശിക്ഷ നാലു പേര്‍ക്കായി ചുരുങ്ങി. മറ്റുള്ളവര്‍ക്ക് തടവും. രാജീവിനെ കൊല്ലാന്‍ അയച്ച അഞ്ചംഗ സംഘത്തിലെ നാലു പേരും അന്ന് സ്ഫോടനത്തില്‍ മരിച്ചിരുന്നു. സംഘാംഗമായ നളിനി, ഗൂഡാലോചനയില്‍ പങ്കെടുത്ത പേരറിവാളന്,മുരുകന്,ശാന്തന് എന്നിവര്‍ക്കാണ് വധശിക്ഷ കിട്ടിയത്. ജയില്‍ ശിക്ഷയ്ക്കിടെ നളിനിക്ക് കുട്ടിയുമുണ്ടായി. മുരുകനാണ് നളിനിയുടെ ഭര്‍ത്താവ്.പിന്നീട് കുട്ടിയുള്ളതിനാല്‍ 2000ല്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചു. വധശിക്ഷ ലഭിച്ചവര്‍ ദയാഹര്‍ജി നല്കി.
പിന്നീട് 2011ല്‍ മുരുകന്, പേരറിവാളന്, ശാന്തന് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. 2011 സെപ്തംബര്‍ 9ന് ഇവരെ വധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവരുടെ പരാതി സ്വീകരിച്ച ചെന്നൈ ഹൈക്കോടതി വധിക്കുന്നത് എട്ടാഴ്ചത്തേക്ക്സ്റ്റേ ചെയ്തു. വിവാദക്കുരുക്കില്‍ പെട്ട് ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. തുടര്‍ന്നാണ് മൂവരും വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനം അനിശ്ചിതമായി നീളുകയാണെന്നു കാട്ടിയാണ് ഇവര്‍ ഹറര്ജി നല്‍കിയത്. ആ ഹര്‍ജിയിലാണ് വധശിക്ഷ റദ്ദാക്കി ഇന്നലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: