ന്യൂദല്‍ഹി: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് ഇത്തവണയും മാറ്റമില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിഉള്പ്പെടെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ക്ക് തുക നീക്കിവയ്ക്കാന്‍ തയ്യാറാകാതിരുന്ന ധനമന്ത്രി കൊച്ചിന് മെട്രോയ്ക്ക് 462.17 കോടി രൂപ നല്കിയതു മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസകരമായത്. വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ വികസനം, ഉള്‍നാടന്‍ ജലഗതാഗത വികസനം,ഇടത്തര വ്യവസായ ഹബ്, ഐഐടി എന്നിവ കേരളം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതേയില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിഹിതമായ 233.43 കോടിയും വായ്പയായി 228.74 കോടിയും ഉള്‍പ്പെടുത്തിയാണ് കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണത്തിനായി 462 കോടിയുടെ കേന്ദ്ര വിഹിതം.
സംസ്ഥാനത്തിനുള്ള നികുതി വിഹിതം 2.3 ശതമാനം വര്‍ദ്ധിച്ച് 9101.58 രൂപ ലഭിക്കും. ഇതിനു പുറമേ ബാംഗ്ലൂര്‍-ചെന്നൈ വ്യാവസായിക ഇടനാഴി കൊച്ചി വരെ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല. ബജറ്റില്‍ ബാംഗ്ലൂര്‍-മുംബൈ,അമൃതസര്‍-കൊല്‍ക്കത്ത, ബാംഗ്ലൂര്‍-ചെന്നൈ വ്യാവസായിക ഇടനാഴികളേപ്പറ്റി പറഞ്ഞെങ്കിലും കൊച്ചി വരെ നീട്ടണമെന്ന സംസ്ഥാനത്തിന്റെ താല്‍പ്പര്യം അവഗണിക്കപ്പെട്ടു.
കഴിഞ്ഞ ബജറ്റില്‍ നാളികേര വികസന ബോര്‍ഡിനു 70 കോടി രൂപയും തെങ്ങ് കൃഷിയുടെ പുനരുജ്ജീവനത്തിനുമായി 35 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിരുന്നെങ്കിലും ഇത്തവണ ഒരു പദ്ധതി നിര്‍ദേശവും ഉണ്ടായിട്ടില്ല. നാളികേര, പന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒരു കോടി രൂപ മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സബ്സിഡി വിഹിതം 589.50 കോടിയില്‍ നിന്നു 550 കോടിയാക്കി കുറച്ചു.
എന്നാല്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ബജറ്റ് നിര്‍ദ്ദേശം കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകും. വിദ്യാഭ്യാസ വായ്പ എടുത്തവരുടെ 2009 മാര്‍ച്ച് 31 മുതല്‍ 2013 ഡിസംബര്‍ 31 വരെയുള്ള പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. എന്നാല്‍ 2014 ജനുവരി 1 നു ശേഷമുള്ള പലിശ വായ്പ എടുത്തവര്‍ അടയ്ക്കണം. 2600 കോടി രൂപയാണ് വായ്പാ ബാധ്യത ഏറ്റെടുത്തുകൊണ്ട് കാനറാ ബാങ്കിന് നല്‍കുന്നത്. രാജ്യത്തെ 9 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തീരുമാനം പ്രയോജനകരമാകുമെന്ന് ധനമന്ത്രി പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: