ന്യൂദല്‍ഹി: നാലുമാസം മാത്രം കാലാവധിയുള്ള വോട്ടോണ്‍ അക്കൗണ്ടിനെ പ്രഖ്യാപനങ്ങള്‍ക്കായി ധനമന്ത്രി ഉപയോഗിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി പ്രതികരിച്ചു. ഭരണഘടനയിലെ 116-ാം വകുപ്പ് പ്രകാരം വോട്ടോണ്‍ അക്കൗണ്ടവതരിപ്പിക്കുമ്പോള് ഇത്തരത്തിലുള്ള ‘ഗംഭീര പ്രഖ്യാപനങ്ങള്‍’ നടത്തുന്നത് തെറ്റാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ യാത്രയയപ്പ് ബജറ്റാണ് ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ചതെന്നും ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി.
വണ്‍റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കണമെന്ന ബിജെപിയുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇത്രയും വൈകിപ്പിച്ചത് യുപിഎ സര്‍ക്കാരാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. 2009-10ല്‍ പെന്ഷന് ഏകീകരണത്തിനായി രൂപീകരിച്ച സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഇത്രയും വൈകിച്ചത് ഇക്കാര്യത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയുടെ തെളിവാണ്. പദ്ധതി നടപ്പാക്കുന്നത് 2014-15ല്‍ മാത്രമായിരിക്കുമെന്നുള്ള പ്രഖ്യാപനവും വിമുക്ത ഭടന്മാരോടുള്ള അവഗണനയെയാണ് വ്യക്തമാക്കുന്നത്.
ഭക്ഷ്യ പദ്ധതികള്‍ക്കായി 2013-14 വര്‍ഷം 1,24,844 കോടി രൂപ മാറ്റിവെച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിക്കടക്കം കേവലം 1,15,000 കോടി രൂപ മാത്രമാണ് മാറ്റിവെച്ചത്. അടുത്ത ധനമന്ത്രിക്കായി എല്ലാം മാറ്റിവെച്ച് തന്റെ ജോലി അവസാനിപ്പിച്ചിരിക്കുകയാണ് ചിദംബരം ചെയ്ത അടുത്ത ധനമന്ത്രി വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ പരാജയത്തെ മൂടിവെയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ഇടക്കാല ബജറ്റവതരണത്തിലൂടെ ധനമന്ത്രി നടത്തിയതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പ്രതികരിച്ചു. ധനക്കമ്മി കുറയ്ക്കുന്നതിനായി സാമൂഹ്യക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചത് അംഗീകരിക്കാനാവില്ല.
നിര്‍മ്മാണ മേഖലയെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്. നിര്‍മ്മാണ-കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ലെന്നും പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കാന്‍ മാത്രമാണ് ബജറ്റവതരണത്തിലൂടെ ചിദംബരം മിനക്കെട്ടതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ അവരെ സഹായിക്കില്ലെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പായി സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് സിപിഐ നേതാവ് ഡി.രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: