ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും പോളിയോ വൈറസുകളുടെ വ്യാപനം തടയാന്‍ ഇന്ത്യ വിസ നിബന്ധനകള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി പോളിയോബാധ സ്ഥിരീകരിച്ച ഏഴ് രാജ്യങ്ങളിലേയ്ക്കുള്ള യാത്രയ്ക്കും ഇന്ത്യയിലേയ്ക്കുള്ള കടന്നുവരവിനും പോളിയോ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കി.
ഇന്ത്യ വിജയകരമായി നടപ്പാക്കിയ പോളിയോ തുള്ളിമരുന്ന് വിതരണം ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യയില്‍ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പോളിയോ വിമുക്തരാജ്യമെന്ന അംഗീകാരവും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പോളിയോ വൈറസുകള്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലെത്തുമ്പോള്‍ വൈറസ് സാന്നിധ്യം വീണ്ടും ഉണ്ടാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് വിസ നിബന്ധനകള്‍ കര്‍ശനമാക്കിയത്.
ഏറ്റവും കൂടുതല്‍ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സിറിയ, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, നൈജീരിയ, കെനിയ, സോമാലിയ, എത്യോപിയ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ പോളിയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിസ് അപേക്ഷ നല്‍കുന്നതിന് ഒരു മാസം മുമ്പ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് വിദേശികള്‍ ഹാജരാക്കണം. ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുന്നവരും പോളിയോ വൈറസ് ബാധിക്കാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
മാര്‍ച്ച് മാസം മുതല്‍ പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: