കൊച്ചി: കെപിസിസി പ്രസിഡന്റിനെ നിയമിച്ചതിനെച്ചൊല്ലിയുള്ള ഉമ്മന്‍ചാണ്ടിയുടെ പരാതി സോണിയാഗാന്ധി തള്ളി. സോണിയയോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറായ ഉമ്മന്‍ ചാണ്ടി കടുംപിടുത്തവുമായി മുന്നോട്ടു പോകുമെന്നാണു സൂചനകള്‍. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസും സര്‍ക്കാരും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുമെന്നുറപ്പായി.
ഇന്നലെ കൊച്ചിയില്‍ സോണിയയെ നേരില്‍ കണ്ട് ഉമ്മന്‍ചാണ്ടി പരാതി പറഞ്ഞെങ്കിലും ഇക്കാര്യം പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് സോണിയ വ്യക്തമാക്കുകയായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചിട്ടുള്ളത്.
ഹൈക്കമാന്റ് തീരുമാനം അനുസരിക്കുകയാണ് വേണ്ടതെന്നും സോണിയ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസിന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിനാണ് സോണിയാഗാന്ധി കൊച്ചിയിലെത്തിയത്. വി.എം. സുധീരനെ കെപിസിസി പ്രസിഡന്റായി നിയോഗിച്ചതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കേന്ദ്രനേതൃത്വത്തെ കടുത്ത പ്രതിഷേധം നേരത്തെയും അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെയാണ് ഉമ്മന്‍ചാണ്ടി ആദ്യം പരാതി അറിയിച്ചത്. ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ മുകുള്‍ വാസ്നിക്ക് നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രണ്ട് ദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയ സോണിയയെ സ്വീകരിക്കാനും ഉമ്മന്‍ചാണ്ടി എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ കോണ്‍ഗ്രസ് സമ്മേളനത്തിനെത്തിയ സോണിയയെ കണ്ട് ഉമ്മന്‍ചാണ്ടി നേരിട്ട് അതൃപ്തി അറിയിച്ചത്. പരാതി സോണിയ തള്ളിയതോടെ ഇനി വി.എം. സുധീരനെ അംഗീകരിക്കുക എന്നതുമാത്രമാണ് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും മുന്നിലുള്ള വഴി. സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ രമേശ് ചെന്നിത്തലക്കും ‘ഐ’ ഗ്രൂപ്പിനും അമര്‍ഷമുണ്ടെങ്കിലും അവര്‍ അക്കാര്യം പുറമെ പ്രകടിപ്പിക്കുന്നില്ല.
സമ്മേളനവേദിയില്‍ നടത്തിയ ഉദ്ഘാടനപ്രസംഗത്തിലും സോണിയാഗാന്ധി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകളില്ലെന്നും ഗ്രൂപ്പ് നോക്കി സ്ഥാനമാനങ്ങള്‍ തീരുമാനിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. എല്ലാവരും പാര്‍ട്ടി എന്ന ഒറ്റഗ്രൂപ്പായി നില്‍ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ‘എ’ ഗ്രൂപ്പും ‘ഐ’ ഗ്രൂപ്പും കെപിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച പേരുകള്‍ തള്ളിയാണ് വി.എം. സുധീരനെ ഹൈക്കമാന്റ് പരിഗണിച്ചത്. ഇക്കാര്യത്തില്‍ ഇനി പരാതി വേണ്ടെന്ന താക്കീതുകൂടിയായിരുന്നു സോണിയ നല്‍കിയത്.
അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പെന്ന ആക്ഷേപവുമുയരുന്നുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഉമ്മന്ചാണ്ടിക്കൊപ്പമുണ്ടെന്ന സൂചനയുമുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുവ എംഎല്‍എമാരെ മത്സരിപ്പിക്കാനുള്ള ഹൈക്കമാന്റ് നീക്കമാണ് ഇവരെ പ്രകോപിപ്പിക്കുന്നത്. എ, ഐ ഗ്രൂപ്പുകളിലെ ചില സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. ഗ്രൂപ്പ് പരിഗണിക്കാതെ ഹൈക്കമാന്റ് തീരുമാനമെടുത്താല്‍ കനത്ത നഷ്ടമുണ്ടാകുക ഈ രണ്ട് ഗ്രൂപ്പുകള്ക്കുമാകും. കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ച ശൈലി പാര്‍ലമെന്റ് സീറ്റുകളുടെ കാര്യത്തിലും തുടരാതിരിക്കാനുള്ള മുന്‍കരുതലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും സ്വീകരിക്കുന്നതെന്നാണ് സൂചന. എതിര്‍പ്പ് രൂക്ഷമാകുന്നതോടെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം പഴയപടി ഗ്രൂപ്പടിസ്ഥാനത്തില്‍ മതിയെന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പുതിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഈ നിലപാടിനെതിരാണ്. സ്ഥാനാര്‍ത്ഥികളെ ഗ്രൂപ്പടിസ്ഥാനത്തില്‍ തീരുമാനിക്കാനാകില്ലെന്ന നിലപാടിലാണ് അദ്ദേഹം. കെ. കരുണാകരന്റെ കാലത്തിനുശേഷം കേരളത്തില്‍നിന്ന് ഇതാദ്യമായാണ് ഹൈക്കമാന്റ് തീരുമാനത്തിനെതിരെ ഇത്രയും ശക്തമായ പ്രതിഷേധമുയരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹൈക്കമാന്റ് വഴങ്ങിയില്ലെങ്കില്‍ വരും നാളുകളില്‍ ഈ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: