തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍പോകുന്നത് കൊടും വരള്‍ച്ചയുടെ കാലം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ താപനില ക്രമാതീതമായി ഉയര്‍ന്ന് വന്‍ വരള്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരുടെ മുന്നറിയിപ്പ്. എപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് ചില പ്രദേശങ്ങളില്‍ 40 ഡിഗ്രി സെഷ്യല്‍സില്‍ കൂടിയേക്കാം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥ വ്യതിയാനത്തിനാകും സാക്ഷ്യം വഹിക്കുക. ഇത്തവണ വേനല്‍മഴ തീരെയുണ്ടാകില്ല, സൂര്യാഘാതവും വ്യാപകമാകാം.
ശുദ്ധജലക്ഷാമം ഉണ്ടാകാനും വലിയ തോതില്‍ രോഗങ്ങള്‍ പടരാനും വേനല്‍ക്കാലം കാരണമാകും. കഴിഞ്ഞ കാലവര്‍ഷത്തില്‍ ലഭിച്ച നല്ല മഴ പ്രയോജനപ്പെടുത്താന്‍ നമുക്കായില്ല. ഭൂഗര്‍ഭ ജലവിതാനം താഴാതെ നോക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും പരാജയപ്പെട്ടു.
ഭൂഗര്‍ഭ ജലവിതാനം ഇപ്പോള്‍ തന്നെ താഴ്ന്നു. സംസ്ഥാനത്തെ 151 ബ്ലോക്കുകളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഭൂഗര്‍ഭ ജലവിതാനത്തി ആറു മീറ്റര്‍വരെ കുറവ് രേഖപ്പെടുത്തി. ഇത്തവണ അത് വീണ്ടും കുറയും. ഭാരതപ്പുഴ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ പ്രധാന നദികളെല്ലാം വേനല്‍ തുടങ്ങുന്നതിനു മുന്നേ തന്നെ വറ്റിത്തുടങ്ങി. വലിയ ഗുരുതരമായ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.
രാത്രിയില്‍ തണുപ്പും പകല്‍ ചൂടുമെന്ന പ്രതിഭാസം കൊടിയ വേനലിന്റെ മുന്നോടിയാണെന്നാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ക്രമാതീതമായ വര്‍ധനയും കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയുടെ ആധിക്യവും ഭൂമിയുടെ ഉപരിതലത്തിലെ ചൂട് പുറത്തുപോകുന്നതിനു തടസമാകുന്നു. കഴിഞ്ഞ വര്ഷങ്ങളിലേക്കാള് രൂക്ഷമാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ടുതന്നെ വരാന്‍പോകുന്നത് ചൂട് അസഹനീയമാക്കുന്ന കാലമാണ്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ അന്തരീക്ഷ മര്‍ദ്ദം കുറയുന്ന പ്രതിഭാസം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കടല്‍ക്കാറ്റ് ശക്തമാകുന്നതും വരള്‍ച്ച രൂക്ഷമാക്കാന്‍ ഇടയാക്കും.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: