കൊച്ചി: മൂന്ന് കോളേജ് അദ്ധ്യാപകര്‍ അടക്കം ആറു പേര് പ്രതികളായ പന്തളം വിദ്യാര്‍ത്ഥിനി പീഡനക്കേസിലെ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. പ്രതികള്‍ക്കു വിധിച്ചിരുന്ന പിഴത്തുക കൂട്ടുകയും ചെയ്തു. പ്രതികള്‍ ഗുരു സ്ഥാനത്തിന്റെ പദവിക്ക് കളങ്കം വരുത്തിയ ഈ കേസില്‍ കോടതിയുടെ വിധി വളരെ നിര്‍ണായകവും സാമൂഹ്യാവസ്ഥയിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതുമായി.
പ്രതികള്‍ക്ക് 11 വര്‍ഷം തടവു ശിക്ഷയും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമായിരുന്ന സെഷന്‍സ് കോടതി ശിക്ഷ ആറു ലക്ഷമാക്കി ഹൈക്കോടതി ഉയര്‍ത്തി. ഈ തുക പെണ്‍കുട്ടിക്കു നല്‍കണം. കീഴ് കോടതി വിധിക്കെതിരേ കുറ്റവാളികള്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് പി. ഭവദാസന്റെ വിധി.
‘ഗുരുര്‍ ബ്രഹ്മാഃ’ എന്ന ശ്ലോകം ഉദ്ധരിച്ചാണു വിധി തുടങ്ങുന്നത്. ഗുരുസ്ഥാനീയര്‍ ഗുരുതരമായ തെറ്റാണു ചെയ്തത്.
276 പേജുകളുള്ള കോടതി വിധി സംസ്ഥാന സര്‍ക്കാരിനെയും എന്‍എസ്എസ് കോളേജു മാനേജ്മെന്റിനേയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു ഈ സംഭവം എന്നു കോടതി വിലയിരുത്തി. പെണ്‍കുട്ടിയുടെ മൊഴി, സാഹചര്യത്തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് വിധി. അദ്ധ്യാപകന് എന്നാല്‍ വിദ്യാര്‍ത്ഥികളെ ഇരുട്ടില്‍നിന്നു വെളിച്ചത്തില്‍ എത്തിക്കേണ്ട വ്യക്തി, വിദ്യാര്‍ത്ഥികളുടെ സുഹൃത്ത്, ഫിലോസഫര്‍, വഴികാട്ടി, സോഷ്യല്‍ എഞ്ചിനീയര്‍, രാഷ്ട്ര നിര്‍മാതാവ് ഒക്കെ ആകണം എന്നു കോടതി വിധി പറയുന്നു.
പെണ്‍കുട്ടിയുടെ അദ്ധ്യാപകരാണ് പീഡകരായത്. രക്ഷപ്പെടാന്‍ കോളേജ് വിട്ട കുട്ടിയെ അദ്ധ്യാപകര്‍ വേട്ടയാടുകയായിരുന്നു.
1997-ലായിരുന്നു കേസിനാസ്പദമായ സംഭവം. 2002 ജൂണില്‍ സെഷന്‍സ് കോടതി പ്രതികള്‍ക്കു ശിക്ഷ വിധിച്ചു. 1997 ജൂലായ് 10 മുതല്‍ ഒക്ടോബര്‍ 20 വരെ പന്തളം എന്‍എസ്എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഒന്നാം പ്രതി കെ. വേണുഗോപാല്‍, പിന്നീട് ആത്മഹത്യചെയ്ത രണ്ടാം പ്രതി രവീന്ദ്രന് പിള്ള, മൂന്നാം പ്രതി സി.എം. പ്രകാശ് എന്നിവരാണ് അദ്ധ്യാപകര്‍. ഇവര്‍ക്കും നാലാം പ്രതി വേണുഗോപാല്‍ കോണ്‍ട്രാക്ടറും അഞ്ചാം പ്രതി ജോതിഷ് കുമാര്‍ എന്നിവര്‍ക്കുമാണ് 11 വര്‍ഷം ശിക്ഷ വിധിച്ചിരുന്നത്. ആറാം പ്രതി മനോജ് കുമാറിനും ഏഴാം പ്രതി ഷാ ജോര്‍ജിനും ഏഴുവര്‍ഷമാണ് തടവു ശിക്ഷ കിട്ടിയത്.
കീഴ്കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ക്കു കൂടുതല്‍ ശിക്ഷ കൊടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടാഞ്ഞത് അപലപനീയമാണെന്ന് കോടതി വിമര്‍ശിക്കുന്നു. പ്രതികളായ അദ്ധ്യാപകരെ കോളേജ് മാനേജ്മെന്റ് വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത് ആത്മാഭിമാനമുള്ള ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപമാനകരമാണെന്നു കോളേജ് മാനേജ്മെന്റിനെതിരേ കോടതിയുടെ വിമര്‍ശനമുണ്ട്. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിപ്പോവുകയും പ്രതികള്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുവെന്ന അവസ്ഥ ശരിയല്ലെന്നു വിധിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: