കോട്ടയം: അക്ഷര നഗരിയായ കോട്ടയത്തിന്റെ നാടക ചരിത്രത്തിന് പുതിയൊരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 13 -ാമത് ദേശീയ നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. നാട്യഹേമന്തം എന്ന പേരില്‍ ചായങ്ങളും ചമയങ്ങളും ഗാംഭീര്യവുമൊത്തുചേര്ന്ന ആറു ദിനരാത്രങ്ങള്‍ ഇനി കോട്ടയത്തിനു സ്വന്തം.
വൈകുന്നേരം നാലരയ്ക്ക് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിആര്‍ഡി-സാംസ്ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് നാടകോത്സവത്തിന് തിരിതെളിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകുന്നേരം നാലരയ്ക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച സാംസ്ക്കാരിക – കലാ ഘോഷയാത്രയില്‍ വിവിധ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടാബ്ലോ, മുത്തുക്കുടകള്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും പഞ്ചാരി മേളം, കോല്‍ക്കളി, വാദ്യമേളം, കളരിപ്പയറ്റ്, അലാമിക്കളി എന്നീ കലാപരിപാടികളും അണിനിരന്നു.അര്‍ജുനനൃത്തം,മയിലാട്ടം തുടങ്ങിയ കേരളീയ നൃത്തരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മാറ്റുകൂട്ടി.ഘോഷയാത്ര പ്രധാനവേദിയായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ അവസാനിച്ചു.
ഈ മാസം 18 വരെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും തിരുനക്കര മൈതാനിയിലുമായാണ് നാടകങ്ങള്‍ അരങ്ങേറുക.മലയാളത്തില്‍ നിന്ന് അഞ്ച് നാടകങ്ങളും ആറ് ഇതരഭാഷാ( മറാഠി, ബംഗാളി, രാജസ്ഥാനി, അസാമീസ്, കന്നഡ, ഹിന്ദി) നാടകങ്ങളും അവതരിപ്പിക്കപ്പെടും.ദേശീയതലത്തില്‍ നാടകാസ്വാദകര്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കുമുള്ള സംഗമവേദിയായി കോട്ടയം മാറുന്നത് ഇതാദ്യമായാണ്.അക്ഷരനഗരിയില്‍ സായംസന്ധ്യയിലെ ആറുനാളുകള്‍ ഇനി അരങ്ങില്‍.
ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. നാടകങ്ങള്‍ക്ക് ജനങ്ങളിലുള്ള സ്വാധീനം മറ്റൊരു മാധ്യമത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ ഏറെ ജനങ്ങള്‍ കാണുന്നുണ്ടെങ്കിലും അത് നൈമിഷികമാണ്. നാടകങ്ങള്‍ മനുഷ്യ മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും സ്വഭാവ രൂപീകരണത്തിനു തന്നെ വഴി വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് മുന്‍കാലത്തെ പോലെ നാടകങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നതു സത്യമാണ്. ദേശീയ നാടകോത്സവം പോലുള്ള പരിപാടികളിലൂടെ നാകത്തിന്റെ പ്രഭാവം തിരിച്ചു പിചിക്കാന്‍ ശ്രമിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
കെട്ടുകാഴ്ചകളല്ല നടനാണ് നാടകത്തിന്റെ പ്രധാന കണ്ണിയെന്ന് നാടക കുലപതികാവാലം നാരായണപ്പണിക്കര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.നടനാണ് കാണികളുമായി നേരിട്ട് സംവദിക്കുന്നത്. നാടകം കാലഘട്ടത്തിനനുസരിച്ച് മാറണം. എന്നാല്‍ പരിഷ്ക്കരണമല്ല, പതിരിനെ വേര്‍തിരിച്ചുള്ള സംസ്ക്കരണമാണ് വേണ്ടത്. അതിലൂെ നാടക കലയെ മുന്നോട്ടുകൊണ്ടുപോകാനാകണം. നാകം കാണുന്നവരുടെ എണ്ണം നോക്കി അതിന്റെ ജനകീയതയോ യോഗ്യതയോ നിര്ണയിക്കാനാകില്ല. നാടകത്തെ സ്നേഹിക്കുന്നവരെ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏറെ പങ്കു വഹിക്കാനുണ്ട്. കെട്ടുകാഴ്ചകളിലൂടെ നാടകത്തെ സിനിമയോട് അടുപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്.ഇത് ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ക്കാരത്തിന്റെ ഉറവിടം ചിന്തയും ഭാവനയുമാണെന്നും ജീവിതത്തിന്റെ ഏറ്റവും വലിയ ആവിഷ്ക്കാരമാണ് നാടകരൂപമെന്നും ചടങ്ങില്‍ സ്വാഗതമാശംസിച്ച പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി പറഞ്ഞു. പിആര്‍ഡി സെക്രട്ടറി റാണി ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി. നാടകരംഗത്തെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം ജില്ലയിലെ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയും ഡെയിലി ബുള്ളറ്റിന് കാവാലം നാരായണ പണിക്കരും പ്രകാശനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: