ഭാരതത്തിലെ ഓര്‍ത്തഡോക്സ് സഭ സ്വതന്ത്രസഭയാണ്. സഭ അന്ത്യോഖ്യ പാത്രീയര്‍ക്കീസ് സഭയുമായി ആത്മീയ കാര്യത്തില്‍ ഉപാധികളോടെയുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ഉപാധികള്‍ എപ്പോഴെല്ലാം ലംഘിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് പരിഹാരമായാണ് പാത്രിയര്‍ക്കീസ് ബാവ 1958 ല്‍ അംഗീകരിച്ച 1934 ലെ ഭരണഘടന. ഇത് പ്രകാരം ഭാരതത്തിലെ ഓര്‍ത്തഡോക്സ് സഭയുടെ അധികാരം മുഴുവനായും ഇന്ത്യയിലെ കാതോലിക്ക ബാവയില്‍ അര്‍പ്പിതമാണ്. അതുകൊണ്ട് തന്നെ 1970 ന് ശേഷം തെറ്റിപ്പിരിഞ്ഞ് പോയ പാത്രിയര്‍ക്കീസ് കക്ഷികള്‍ 1995 ലെ കോടതി വിധിക്ക് ശേഷം നിര്മ്മിച്ചതൊഴിച്ചുള്ള ഭാരത്തിലെ മുഴുവന്‍ പള്ളികളുടേയും അധികാരം കാതോലിക്കബാവക്കാണ്. കാതോലിക്ക ബാവ നിലവിലിരിക്കെ ഭരണഘടനക്ക് വിരുദ്ധമായി ഡമാസ്ക്കസിലെ പാത്രിയര്‍ക്കീസ് ബാവ പുതിയതായി വാഴിച്ച മൂന്ന് മെത്രാന്മാരുള്പ്പെടെ 30 മെത്രാന്മാരുടെ സഭ വിദേശ മേല്‍ക്കോയ്മക്ക് വേണ്ടി വാദിക്കുന്നവരാണ്. അതുകൊണ്ട് സഭാ സ്വത്തുക്കളില്‍ അവര്‍ക്ക് അധികാരമില്ല. സുപ്രീംകോടതി അവകാശം തീരുമാനിക്കാന്‍ ജനാതിപത്യപരമായി അവസരം നല്കിയപ്പോള് അതില്‍ പങ്കെടുക്കാതെ ഭാരതത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം ചെയ്തത്. ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നതും, നേരത്തെ നടന്നിട്ടുള്ളതുമായ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പള്ളികൈയേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയ നേതാക്കളാണ്.
വിശ്വാസികളുടെ പേരില്‍ പള്ളികള്‍ പിടിച്ചെടുത്ത് അധികാരം സ്ഥാപിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ല. ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെങ്കിലും മുഷ്ക്ക്കാട്ടി പിടിച്ചെടുക്കേണ്ടതല്ല അവകാശങ്ങള്‍. എന്നാല്‍ അവകാശമില്ലാഞ്ഞിട്ടും അവര്‍ കാട്ടുന്നത് ഈ മുഷ്ക്കാണ്. ഞങ്ങളാഗ്രഹിക്കുന്നത് സമാധാനവും ശാന്തിയുമാണ്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്നത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്. സെമിനാരിയും ചാപ്പലും ഓര്‍ത്തഡോക്സ് സഭക്ക് മാത്രം അവകാശപെട്ടതാണെന്നു വ്യക്തമായ വിധി ഉണ്ടായിരിക്കെയാണ് ഈ നാടകം. എറണാകുളം ജില്ലയിലെ ഭരണ പക്ഷത്തിലെ ചില ജനപ്രതിനിധികളുടെ ഇടപെടലാണ് നിയമം ലംഘിക്കുന്നവര്‍ക്ക് ശക്തി പകരുന്നതെന്ന് സംശയിക്കുന്നു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് സഭ ആഗ്രഹിക്കുന്നത്.
എന്നാല്‍ കോടതി ഉത്തരവുകളും മധ്യസ്ഥന്മാരുടെ നിര്‍ദ്ദേശങ്ങളും, ഉഭയ സമ്മത കരാറുകളും ലംഘിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ്.
ഇത് മനസ്സിലാക്കി വിശ്വാസികള്‍ ഭാരതത്തിലെ യാക്കോബായ ഓര്‍ത്തഡോക്സ് സഭയോടെപ്പം നിലയുറപ്പിക്കണമെന്ന് സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു..
(ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് വക്താവ്, ഓര്‍ത്തഡോക്സ് സഭ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: