മുണ്ടക്കയം: വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്കുള്ള മണിക്കല്‍ പാലത്തിന്റെ ശോച്യാവസ്ഥ ടി.ആര്‍ ആന്റ് ടി എസ്‌റ്റേറ്റിലുള്ള ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ളവരെ വലയ്‌ക്കുന്നു. മണിക്കല്‍-വള്ളിയാങ്കാവ്-മതമ്പറൂട്ടില്‍ 16 കിലോമീറ്ററോളം റോഡ് കുണ്ടും കുഴിയുമായി യാത്ര അസഹ്യമായിട്ട് നാളുകളായി. കൊഞ്ചുകുത്തി, വള്ളിയാങ്കാവ്-ചെന്നാപ്പാറ, മുപ്പക്കയം, മതമ്പ, കടമാന്‍കുളം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ മുഖ്യമായും യാത്രയ്‌ക്ക് ആശ്രയക്കുന്നത് ഇതുവഴിയുള്ള നാല് ബസ് സര്‍വ്വീസുകള്‍ ആണ്. മണിക്കല്‍പാലം അപകടഭീഷണിയായതിനാല്‍ ആര്‍ടിഒ ഇടപെട്ട് ഇതുവഴിയുളള ബസ് സര്‍വ്വീസുകള്‍ നിരോധിച്ചിരുന്നു. പാലം തകരാറിലായിട്ട് നാല്‌വര്‍ഷമായി. റോഡ് സഞ്ചാരയോഗ്യമാക്കണം എന്ന കോടതി നിര്‍ദ്ദേശമുണ്ടായിട്ടും മാനേജ്‌മെന്റ് അലംഭാവംകാട്ടി. കുണ്ടുംകുഴിയും നിറഞ്ഞ റോഡില്‍ കല്ലും മണ്ണും ഇട്ട് മൂടി പണിലാഭിക്കാനാണ് എസ്‌റ്റേറ്റ് മാനേജ്‌മെന്റിന് താല്‍പര്യം. വിളിച്ചാല്‍ ഓട്ടോറിക്ഷക്കാര്‍ വരാന്‍ മടിക്കുന്ന റൂട്ടാണ് ഇത്. ദുരിതംപേറി എങ്ങനെയും യാത്ര ചെയ്തുവന്നപ്പോഴാണ് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. ഏന്തിനും ഏതിനും മുണ്ടക്കയം ടൗണിനെ ആശ്രയിച്ച് കഴിയുന്ന എസ്‌റ്റേറ്റ് നിവാസികള്‍ ഇതോടെ സാമൂഹ്യമായി ഒറ്റപ്പെട്ട നിലയിലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ദിനംപ്രതി നൂറുകണക്കിന് ഭക്തനങ്ങളാണ് വള്ളിയാങ്കാവ് ക്ഷേത്രത്തില്‍ദര്‍ശനത്തിന് എത്തി മടങ്ങുന്നത്. ബസ് സര്‍വ്വീസ് നിലച്ചത് ഭക്തജനങ്ങളെയും വിഷമത്തിലാക്കി.
















