മുണ്ടക്കയം: ഇടുക്കി പാക്കേജില്‍പ്പെടുത്തി എസ്റ്റിമേറ്റെടുത്ത ചപ്പാത്ത് -നാരകംപുഴ – കൊക്കയാര്‍ റോഡിനെ പദ്ധതിയില്‍നിന്നും ഒഴിവാക്കുവാന്‍ ചിലര്‍ ഗൂഢശ്രമം നടത്തുന്നതായി നാരകംപുഴ – കൊക്കയാര്‍ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
രണ്ടുവര്‍ഷം മുമ്പാണ് ഇടുക്കി പാക്കേജില്‍ ചപ്പാത്ത – നാരകംപുഴ – കൊക്കയാര്‍ – വെബ്ലി – വടക്കേമല – ഉറുമ്പിക്കര റോഡിന് എംപി എട്ടുകോടി രൂപ അനുവദിച്ചത്. ഇതിന്റെ എസ്റ്റിമേറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എടുക്കുകയും പദ്ധതി നിര്‍വ്വഹണത്തിനായി ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ടെണ്ടര്‍ സമയത്ത് എസ്റ്റിമേറ്റില്‍ ക്രമക്കേട് വരുത്തി ജനവാസ മേഖലയാ നാരകംപുഴ – കൊക്കയാര്‍ മേഖലയിലെ മൂന്നുകിലോമീറ്റര്‍ ഒഴിവാക്കി ആറുമുക്ക് – ഉറുമ്പിക്കര റോഡ് എന്നാക്കി ചുരുക്കിയിരിക്കുകയാണ്. ഇതിന് പിന്നില്‍ ജനപ്രതിനിധികള്‍ക്ക് വ്യക്തമായ പങ്കുള്ളതായി ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
നാരകംപുഴ, പൂവഞ്ചി, കൊക്കയാര്‍, കുറ്റിപ്ലാങ്ങാട്, ബോയ്‌സ്, മുളംകുന്ന്, വാര്‍ഡുകളില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനകരമാണ്. ഏക സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അടക്കം പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നത് ഈ ഭാഗങ്ങളിലാണ്.
കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി മാറിമാറിവരുന്ന ജനപ്രതിനിധികള്‍ അവഗണിച്ചിട്ടിരുന്ന ഈ റോഡിന് പുത്തന്‍ പ്രതീക്ഷയുമായാണ് രണ്ടുവര്‍ഷക്കാലം മുമ്പ് ഇടുക്കി പാക്കേജ് പദ്ധതിക്ക് തുടക്കമിട്ടത്. കാല്‍നടയാത്രയ്‌ക്കു പോലും ദുസ്സഹമായ അവസ്ഥയാണ് റോഡിന്.
റോഡുപണി നാരകംപുഴ ചപ്പാത്തില്‍ നിന്നാരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട സമരപരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ 10ന് കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ ധര്‍ണ നടത്തും. ചെയര്‍മാന്‍ അയൂബ്ഖാന്‍ കട്ടപ്ലാക്കല്‍ അദ്ധ്യക്ഷത വഹിക്കും. സിഎസ്‌ഐ ചര്‍ച്ച വികാരി ഫാ. ജോണ്‍ ദ്വരൈരാജ് ഉദ്ഘാടനം ചെയ്യും.
















