സാമാന്യമായിപ്പറഞ്ഞാല്‍ ഇതാണ് വന്‍കിട സിദ്ധന്മാരെ, അവതാരങ്ങളെ, പറ്റിയുള്ള നമ്മുടെ നിലപാട്. രണ്ടാംകിടയിലുള്ളവരുമുണ്ട്. വേദങ്ങളില്‍ ഋഷിശബ്ദം കൂടെക്കൂടെ പ്രയോഗിച്ചുകാണുന്നു. ഇന്നിപ്പോള്‍ ഇത് പ്രചിരപ്രചാരമാര്‍ജ്ജിച്ചിട്ടുള്ള ഒരു വാക്കാണ്. ഋഷിയാണ് കനമുള്ള പ്രമാണം. ഈ ആശയം നാം മനസ്സിലാക്കേണ്ടതുണ്ട്. ഋഷിയുടെ നിര്‍വ്വചനം മന്ത്രദ്രഷ്ടാവ്, ആശയത്തെ കാണുന്നവന്‍, എന്നാണ് മതത്തിന് തെളിവെന്ത്? വളരെ പ്രാചീനകാലത്തുതന്നെ ഈ ചോദ്യമുണ്ടായി. ഇന്ദ്രിയങ്ങള്‍ തെളിവല്ലെന്നായിരുന്നു പ്രഖ്യാപനം. യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ – ‘യാതൊന്നില്‍നിന്ന് വാക്കുകള്‍ ചിന്തയോടൊത്തു ലക്ഷ്യത്തിലെത്താതെ മടങ്ങുന്നുവോ’, ന തത്ര ചക്ഷുര്‍ഗ്ഗതി ന വാഗ്ഗച്ഛതി നോ മനഃ – “കണ്ണവിടെ ചെന്നെത്തുന്നില്ല, വാക്കും മനസ്സുമെത്തുന്നില്ല” യുഗങ്ങളായുള്ള പ്രഖ്യാപനമാണിത്. ആത്മാവിന്റെയും ഈശ്വരന്റെയും സത്തയെക്കുറിച്ചും അനന്തജീവിതത്തെക്കുറിച്ചും മനുഷ്യലക്ഷ്യത്തെക്കുറിച്ചുമൊക്കെ ചോദ്യങ്ങള്‍ക്ക് ഒരുത്തരവും ബാഹ്യപ്രകൃതിക്ക് തരാനില്ല. ഈ മനസ്സ് മാറിക്കൊണ്ടേയിരിക്കകയാണ്, സദാ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് പരിമിതമാണ്, പൊളിഞ്ഞു നുറുങ്ങിയിരിക്കയാണ്.
– സ്വാമി വിവേകാനന്ദന്‍
















