ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ യുപിഎയില്‍ വിള്ളല്‍. സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ക്ക് മുതിരുന്നില്ലെന്ന ആരോപണവുമായി എന്‍സിപി രംഗത്തെത്തി. മഹാരാഷ്ട്രയിലെ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് അനാവശ്യ കാലതാമസം വരുത്തുന്നതായി എന്‍സിപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ ക്ഷമപരീക്ഷിക്കുന്നതായും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ക്ക് വിശാലമായ സാധ്യതകള്‍ ഇപ്പോഴും തുറന്നു കിടക്കുന്നതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 22 എണ്ണത്തില്‍ എന്‍സിപിയും 26ല്‍ കോണ്‍ഗ്രസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. തങ്ങളുടെ സീറ്റുകളില്‍ എന്‍സിപി ഇതിനകം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തയ്യാറെടുപ്പുകളും അവര്‍ സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ സഖ്യം സംബന്ധിച്ച് എ.കെ. ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് വന്നതിനുശേഷമാത്രമേ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങുകയുള്ളവെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതാണ് എന്‍സിപിയെ ചൊടിപ്പിച്ചിരിക്കുന്നത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ പല നയപരിപാടികളുടെയും പരിഷ്കാരങ്ങളുടെയും രൂക്ഷവിമര്‍ശകനായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.
അതിനാല്‍ത്തന്നെ കൂടുതല്‍ ആലോചനകള്‍ക്കുശേഷം മാത്രമെ സഖ്യം സാധ്യമാകുവെന്നു പറഞ്ഞ് പവാറിനു മുന്നില്‍ വല്യേട്ടന് ചമയാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നു വിലയിരുത്തപ്പെടുന്നു. വിജയസാധ്യതകൂടുതലുള്ള ചില സീറ്റുകള്‍ നേടിയെടുത്ത് പകരം ചിലത് വച്ചുമാറാനും കോണ്‍ഗ്രസ് നീക്കമിടുന്നതായും സൂചനയുണ്ട്.
അതിനിടെ, പവാറും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും തമ്മില്‍ ജനുവരി 17ന് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ പവാര്‍ ഇക്കാര്യം നിഷേധിച്ചു. എന്‍സിപിയെ എന്‍ഡിഎയില്‍ എടുക്കുന്നതിനോട് ശിവസേനയ്ക്കും യോജിപ്പില്ല.
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ്- എന്‍സിപി ബന്ധം ഉലയുന്നതായുള്ള സൂചനകളാണ് തരുന്നത്. എന്നാല്‍ എന്‍സിപിയെ പിണക്കിയാല്‍ മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായറിയാം. അതിനാല്‍ത്തന്നെ പവാറിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാവും കോണ്‍ഗ്രസിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: