ലണ്ടന്‍: ലണ്ടനില്‍നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം രണ്ടുമണിക്കൂറിനുശേഷം ലണ്ടനില്‍ തിരിച്ചിറക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ട്രാന്‍സ്പോണ്ടര്‍ തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കേണ്ടിവന്നതെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും എയറിന്ത്യ വക്താവ് ജി.പി.റാവു പറഞ്ഞു.
എയറിന്ത്യയുടെ ഡ്രീംലൈനര്‍ ഇതാദ്യമായല്ല തകരാറാകുന്നത്. 2012 സെപ്റ്റംബറിനും 2013 നവംബറിനുമിടയ്ക്ക് 136 ചെറിയ സാങ്കേതിക തകരാറുകളാണ് ഉണ്ടായതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലേറെയും വിദേശത്തെ എയര്‍പോര്‍ട്ടുകളില്‍ വെച്ചാണെന്നത് എയറിന്ത്യയുടെ വിശ്വാസ്യത തകര്‍ക്കുന്നു. ഒരാഴ്ച മുമ്പ് ഹോങ്കോങ്ങില്വെച്ചും സാങ്കേതിക തകരാര്‍ മൂലം വിമാനം തിരിച്ചിറക്കേണ്ടിവന്നു. ലണ്ടനില്‍ ഞായറാഴ്ചയാണ് വിമാനം തിരിച്ചിറക്കേണ്ട സാഹചര്യമുണ്ടായത്. ഇതിനുശേഷം തിങ്കളാഴ്ചയോടെ തകരാര്‍ പരിഹരിച്ച വിമാനം പറക്കലിന് സജ്ജമാവുകയും ചെയ്തു.
ഡ്രീംലൈനറിന് നേരിടുന്ന സാങ്കേതിക തകരാറുകള്‍ സംബന്ധിച്ച് ബോയിങ്ങുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. ഡ്രീം ലൈനറുകളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് വളരെ ഗൗരവത്തോടെ തന്നെ ബോയിങ്ങും എയറിന്ത്യയും നോക്കിക്കാണണമെന്ന് മുന്‍ എയറിന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ ആവശ്യപെട്ടു.
ഡ്രീംലൈനര്‍ സീരിസില്‍പ്പെട്ട വിമാനങ്ങള്‍ എയറിന്ത്യക്കുമാത്രമല്ല തലവേദനയാകുന്നത്. നോര്‍വീജിയന്‍ എയര്‍ ഷട്ടിലിന്റെ ബാങ്കോക്ക്ഓസ്ലോ വിമാനത്തില്‍ ഇന്ധനം ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്ര തടസ്സപ്പെട്ടു. വിമാനം പുറപ്പെടാന്‍ നേരത്താണ് ചോര്‍ച്ച കണ്ടെത്തിയത്. വലിയൊരു ദുരന്തമാണ് ഇതോടെ ഒഴിവായത്. 2011 ലാണ് 787 സീരീസിലുള്ള ഡ്രീംലൈനര്‍ ബോയിങ് പുറത്തിറക്കിയത്. ഡ്രീംലൈനറുകള്‍ പ്രശ്നം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ മറ്റു പല എയര്‍ലൈനുകളും ഇതുപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: