ന്യൂയോര്‍ക്ക്: ലോകം ഏറെ ചര്‍ച്ച ചെയ്ത സിറിയന്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവാകാന്‍ പോകുന്ന അന്താരാഷ്ട്ര സമാധാന ചര്‍ച്ചയ്ക്ക് യുഎന്‍ ഇറാനെ ക്ഷണിച്ചു. സിറിയന്‍ വിമതര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തിങ്കളാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യുഎന്‍ ജനറല്‍ ബാന്‍കി മൂണാണ് ഇറാനെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കാന് ഔദ്യോഗികമായി ക്ഷണിച്ചത്. എന്നാല്‍ സിറിയന്‍ വിമതരുടെ ശക്തമായ വിയോജിപ്പ് മറികടന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ തീരുമാനം.
സിറിയയില്‍ ബശ്ശാര്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിനാലാണ് ഇറാനെ സമാധാന ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കണമെന്ന് വിമതര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിമതരുടെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇറാനെ ക്ഷണിച്ചാല്‍ സമാധാന ചര്‍ച്ച ബഹിഷ്കരിക്കുമെന്ന് വിമതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന സഖ്യത്തിന്റെ യോഗത്തില്‍ ഏറെ കൂടിയാലോചനകള്‍ക്ക് ശേഷം സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിമതവിഭാഗമായ സിറിയന്‍ ദേശീയ സഖ്യം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരു വിഭാഗം ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വോട്ടെടുപ്പില്‍ ആകെയുള്ള 75 പ്രതിനിധികളില്‍ 58 പേര് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.
രണ്ടാം ജനീവ അന്താരാഷ്ട്ര സമാധാന ചര്‍ച്ചയ്ക്ക് പങ്കെടുക്കാമെന്ന് വിമതര്‍ സമ്മതിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുമാനം മാറ്റുകയായിരുന്നു. ബാന്‍കി മൂണിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താതെ ചര്‍ച്ചയ്ക്ക് പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം സിറിയന്‍ ദേശീയ സഖ്യത്തിന്റെ വക്താവായ ലോവുയായി സാഫി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇറാനെ സമാധാനത്തിന് ക്ഷണിച്ചത് അത്ഭുതപ്പെടുത്തുന്നു എന്നാണ് അല്‍ ജസീറാ ചാനലിനോട്് മുതിര്‍ന്ന വിമത നേതാവായ അനസ് അല്‍ അബ്ദഹ് പ്രതികരിച്ചത്. സിറിയന്‍ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടി ഈ മാസം 22 മുതലാണ് ജനീവയില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരും വിമതരും തമ്മിലുണ്ടായ ആഭ്യന്തരയുദ്ധം മൂര്‍ഛിച്ചത്. അസദ് സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് സരിന് എന്ന രാസായുധം വിമത മേഖലയിലേക്ക് പ്രയോഗിച്ചു. ഈ ആക്രമണത്തില്‍ ആയിരക്കണക്കിന് പേരാണ് വിഷപ്പുക ശ്വസിച്ച് മരണമടഞ്ഞത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഈ സംഭവം ചര്‍ച്ചാ വിഷയമാകുകയും അമേരിക്കയും റഷ്യയും ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ രംഗത്ത് വരികയും ചെയ്തു. തുടര്‍ന്ന് യുഎന്‍ വിഷയം ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് സിറിയ രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കരാറില്‍ ഒപ്പ് വയ്ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. സിറിയയില്‍ കാല് നൂറ്റാണ്ടിനിടയില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ 130,000 ഓളം പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: