കൊച്ചി: ഓരോ പഞ്ചവത്സര പദ്ധതിക്കാലത്തും ആവശ്യമായ നിര്‍മാണ വസ്തുക്കളുടെ അളവ് മുന്‍കൂര്‍ നിര്‍ണയിച്ച് ഖനനാനുമതി നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
നിലവിലുള്ള ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും പുറമേ ശാസ്ത്രീയ വിഭവ സര്‍വേ നടത്തി പുതിയവ അനുവദിക്കാനും തയ്യാറാകണം. ഖനന-പരിസ്ഥിതി വകുപ്പുകളുടെ നിലവിലുള്ള ഉത്തരവുകള്‍ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുന്നതാണ്. കരിഞ്ചന്തക്കാര്‍ ആവശ്യപ്പെടുന്ന വില നല്കാന് കെല്‍പ്പുള്ള അതിസമ്പന്നര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഏത് നിര്‍മാണ വസ്തുവും യഥേഷ്ടം ലഭിക്കുന്ന സ്ഥിതി രാജ്യത്തുടനീളം നിലനില്ക്കുന്നു എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അനധികൃത ഖനനവും വിതരണവും വ്യാപകമാകുകയാണ്. തന്മൂലം നികുതി നഷ്ടം, പരിസ്ഥിതി ആഘാതം, അസാധാരണ വിലക്കയറ്റം എന്നിവ ഉണ്ടാകുന്നു.
നിയമാനുസൃത ഖനനത്തെ ആശ്രയിക്കുന്ന പൊതുനിര്‍മാണ പ്രവര്‍ത്തികളും സാധാരണക്കാരുടെ പാര്‍പ്പിട പദ്ധതികളും അമിത വിലക്കയറ്റം മൂലം പ്രതിസന്ധിയിലാണ്. നിലവിലുള്ള ക്വാറികളുടേയും ക്രഷറുകളുടേയും പ്രവര്‍ത്തനം തുടരാനും പാറ, ചെമ്മണ്ണ് എന്നിവക്ക് പുതിയ സ്രോതസ്സുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകാതെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
നിര്‍മാണ മേഖലയില്‍ മിതത്വം പാലിക്കാനും ഹരിത തത്വങ്ങള്‍ നടപ്പാക്കുവാനും ജനങ്ങളെ ബോധവല്ക്കുക, നിയമനിര്‍മാണം നടത്തുക, നിര്‍മാണ വസ്തുക്കളുടെ പുനരുപയോഗം നിര്‍ബന്ധമാക്കുക, ബദല്‍ നിര്‍മാണ വസ്തുക്കള്‍ കണ്ടെത്തുക, കടല്‍ മണല്‍ ഖനനം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങളും അസോസിയേഷന് മുന്നോട്ടു വച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി, ജില്ലാ സെക്രട്ടറി കെ.എ.ജന്‍സണ്‍, കെ.എസ്.പരീത്, ലിഥിന് ജോസഫ്, കെ.ഡി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: