കൊച്ചി: കഴിഞ്ഞ മാസം രാഷ്ട്രത്തിന് സമര്‍പ്പിച്ച പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍നിന്നുള്ള പ്രകൃതിവാതകത്തിന് ദേശീയതലത്തില്‍ വിലനിര്‍ണയം ഉണ്ടാകണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി നേതൃത്വം ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. ഗുജറാത്തില്‍ വളരെ ലാഭകരമായാണ് പ്രകൃതിവാതക വിതരണ സംവിധാനം നടക്കുന്നത്. അവിടുത്തെ സമ്പദ്ഘടനയെ ഈ സ്ഥിതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ എല്‍എന്‍ജി ടെര്‍മിനലുകളുടെ പ്രവര്‍ത്തനം വളരെയേറെ സഹായിച്ചിട്ടുണ്ട്.
വിലനിയന്ത്രണം, വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വ്യവസായലോകം ആവശ്യപ്പെടുന്നത്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ക്ക് സമാനമായി എല്‍എന്‍ജിക്കും അവശ്യ ഇന്ധനമെന്ന നിലയില്‍ ഒരു ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തണം. കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമീകൃതമായ വിതരണ സംവിധാനവും കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നികുതി ഇളവ് നല്‍കാനും സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ വില നിയന്ത്രണം കൊണ്ടുവരാന്‍ കഴിയൂ.
4600 കോടി രൂപ മുതല്‍ മുടക്കി കേരളത്തില്‍ സ്ഥാപിച്ച ടെര്‍മിനല്‍ വളരെ നഷ്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മൊത്തം ശേഷിയുടെ 8 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. താങ്ങാനാവാത്ത വില കാരണം കഴിഞ്ഞ ദിവസം ഫാക്ട് പ്ലാന്റ് നിര്‍ത്തി. 23.74 ഡോളര്‍ എന്ന കൂടിയ യൂണിറ്റ് നിരക്കാണ് എല്‍എന്‍ജിയിലേക്ക് മാറാന്‍ വളം, ഊര്‍ജം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്. ഈ സാഹചര്യം അതിജീവിക്കാനായില്ലെങ്കില്‍ ഹരിത ഊര്‍ജമെന്ന നിലയിലും സംസ്ഥാനത്തിന്റെ രണ്ടാംഘട്ട വികസനത്തിന് ചാലക ശക്തിയായി കണക്കാക്കുന്ന എല്‍എന്‍ജി കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല എന്നും നേതാക്കള്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് മിഷന് എല്‍എന്‍ജിക്ക് നേതൃത്വവുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി മുന്നോട്ടുവന്നിരിക്കുന്നത്.
പ്രകൃതിവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 18 ന് ശില്പശാല സംഘടിപ്പിക്കും. ശില്പശാലയില് പെട്രോനെറ്റ് എല്‍എന്‍ജി, ഗെയ്ല്, ഫാക്ട്, ടിസിസി, ബിഎസ്ഇഎസ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, എന്‍ടിപിസി, സിഐെഎ, തൊഴിലാളി യൂണിയനുകള്‍, റസിഡന്റ് അസോസിയേഷന് അപ്പക്സ് കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.
എല്‍എന്‍ജിയിലേക്ക് മാറുന്നതില്‍ കെഎസ്ഇബി, കെഎസ്ആര്‍ടിസി, ബിഎസ്ഇഎസ്, ഫാക്ട് എന്നിവക്ക് സര്‍ക്കാരിന്റെ പിന്തുണ കൂടിയേ കഴിയൂ. തമിഴ്നാട്ടില്‍ മൂന്നാമത്തെ എല്‍എന്‍ജി ടെര്‍മിനല്‍ തുടങ്ങുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള പൈപ്പ്ലൈന് സംവിധാനത്തോട് എതിര്‍പ്പ് ഉയരുന്നുണ്ടെങ്കിലും അതെല്ലാം താല്ക്കാലികമാണ് എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുന്‍ ചെയര്മാന് കെ.എന്‍. മര്‍സൂക്ക്, വൈസ് ചെയര്മാന് വി.പി. ഷയദ്, ഡോ. എന്‍.പി. സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: