ന്യൂദല്‍ഹി: എപ്ലോയീസ് പെന്ഷന് ഫണ്ടിനു കീഴിലെ പെന്ഷന് തുക 1000 അപര്യാപ്തമാണെന്നും 3000 രൂപയാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മാത്രമല്ല ഇപിഎഫിലെ സര്‍ക്കാര്‍ വിഹിവും 8.33 ആക്കി ഉയര്‍ത്തണമെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ തൊഴിലാളി സമൂഹത്തെ സംബന്ധിച്ച് നിലവിലുള്ള 1000 രൂപ പെന്ഷന്നാമമാത്രമാണെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. 1000 രൂപയാക്കി പെന്ഷന് പ്രഖ്യാപിക്കാന്‍ പോകുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ബിജെപിയുടെ നിലപാടു പ്രഖ്യാപനം. ഈ തുക വളരെ കുറഞ്ഞതും വൈകിയ പ്രഖ്യാപനവുമാണ്. 50 മില്യണ്‍ വരുന്ന പിഎഫ് നിക്ഷേപകര്‍ക്കും 41 ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്കും വേണ്ടി ബിജെപി ഏറെ നാളായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
പെന്ഷന് തുക 3000 ആക്കണമെന്നും വിലക്കയറ്റമനുസരിച്ച് അതിനു വ്യത്യാസം വരുത്തണമെന്നും ആവശ്യപ്പെട്ട് ജാവ്ദേക്കര്‍ രാജ്യസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനു പകരം തൊഴില്‍ മന്ത്രാലയത്തിന്റെ പഴയ ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
രാജ്യത്തെ 50 മില്യണ്‍ തൊഴിലാളികള്‍ അവരുടെ ശമ്പളത്തിന്റെ 8.33 ശതമാനം പ്രൊവിഡന്റ് ഫണ്ടിലേക്കു നിക്ഷേപിക്കുന്നു. അത്രയും തന്നെ തുക തൊഴില്‍ ദാതാവും നല്കുന്നു. എന്നാല്‍ പെന്ഷന് പദ്ധതികളിലേക്ക് 1.16 ശതമാനം തുക മാത്രമാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. 41 ലക്ഷം പെന്‍ഷന്‍കാരില്‍ 30 ലക്ഷത്തിന് 1000 രൂപ വരെ പരമാവധി പ്രതിമാസം പെന്ഷന് കിട്ടുന്നു. 20 ലക്ഷം പേര്‍ക്ക് 500 രൂപ വീതമേ കിട്ടുന്നുള്ളു. സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ നിക്ഷേപ വിഹിതം 1.16 ശതമാനത്തില്‍നിന്ന് 1.79 ആയി മാത്രമാണ് ഉയര്‍ത്താന്‍ ആലോചിക്കുന്നത്. ബിജെപി ആവശ്യപ്പെടുന്നത് സര്‍ക്കാരും 8.33 ശതമാനം തുക നിക്ഷേപിക്കണമെന്നാണ്. അങ്ങനെ പെന്ഷന് തുക 3000 ആക്കുകയും വേണം, ജാവ്ദേക്കര്‍ പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ ഏറ്റവും വലിയ തൊഴിലാളി വിരുദ്ധരായിരിക്കുകയാണെന്ന് ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി. തൊഴിലാളി ചൂഷണം അവര്‍ മുഖമുദ്രയാക്കിയിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ ശമ്പളക്കാരോടും തൊഴിലാളികളോടും അവര്‍ക്കു സാമൂഹ്യ സുരക്ഷ ഒരുക്കുന്ന ഒരു പുതിയ കരാര്‍ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജാവ്ദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: