കൊച്ചി/പാലക്കാട്:പതിവുകള്‍ തെറ്റിച്ചില്ല. കേരളത്തിന്റെ കായികതാരങ്ങള്‍ക്ക് ഇക്കുറിയും അധികൃതരുടെ അവഗണനമൂലം ദുരിതയാത്ര. റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ എറണാകുളത്തുനിന്ന് യാത്രതിരിച്ച കേരള ടീമിനാണ് അധികൃതരുടെ അവഗണന മൂലം ദുരിതയാത്ര നേരിട്ടത്. ഞായറാഴ്ച രാവിലെ 7.30 നുള്ള ധന്‍ബാദ് എക്സ്പ്രസിലാണ് 122 അംഗ കേരള ടീം യാത്രതിരിച്ചത്. ഇവര്‍ക്ക് ആവശ്യത്തിന് സീറ്റുകള്‍ റിസര്‍വ് ചെയ്യാനോ കമ്പാര്‍ട്ടുമെന്റ് ലഭ്യമാക്കാനോ സ്പോര്‍ട്സ് കൗണ്‍സിലോ അധികൃതരോ തയ്യാറായിരുന്നില്ല. 75 പേര്‍ക്ക് മാത്രം യാത്രചെയ്യാന്‍ കഴിയുന്ന ജനറല്‍ കമ്പാര്‍ട്ടുമെന്റിലാണ് 122 അംഗ സംഘം തിങ്ങി ഞെരുങ്ങി യാത്ര പുറപ്പെട്ടത്. ഇരിക്കാന്‍ പോലും ഇടമില്ലാതെയായിരുന്നു യാത്ര. ട്രെയിനില്‍ വെള്ളവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കായികതാരങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
ഇതെ തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ ആശ്വാസമായി. കേരള ടീമിന്റെ അവസ്ഥ അറിഞ്ഞ് വണ്ടി ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോള്‍ ധന്‍ബാദ് എക്സ്പ്രസ്സ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവിലാണ് സീറ്റ് ലഭിച്ചത്. കായികതാരങ്ങളുടെ ലഗേജും മറ്റും മറ്റുന്നതിന്റെ അസൗകര്യം കണക്കിലെടുത്ത് സിറ്റിങ് കോച്ച് ട്രെയിനിന്റെ ഏറ്റവും പിന്നില്‍ ഘടിപ്പിച്ച് ജനറല്‍ കോച്ചാക്കി മാറ്റുകയും കായികതാരങ്ങള്‍ സഞ്ചരിച്ച കോച്ച് പ്രത്യേക കോച്ചാക്കി മാറ്റുകയും ചെയ്തു. ഇതിനിടെ എം ബി രാജേഷ് എം പിയും സ്ഥലത്ത് എത്തി റയില്‍വേ അധുകൃതരുമായി സംസാരിച്ചു. ബി ജെ പി, യുവമോര്‍ച്ച നേതാക്കളായ പരമേശ്വരന് മാസ്റ്റര്‍,സതീഷ്കുമാര്‍,കെ പി അനൂപ്,ഇ പി നന്ദകുമാര്‍,കൃഷ്ണദാസ്,ജയപ്രകാശ്, ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ച്ചയായി പതിനേഴുതവണ ദേശീയ ചാമ്പ്യന്‍പട്ടം കേരളത്തിനായിരുന്നു. ഇക്കുറിയുംഓവറോള് ചാമ്പ്യന്മാരാകാന് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നതും കേരളത്തിനാണ്. ദേശീയതലത്തില്‍തന്നെ നിരവധി നേട്ടങ്ങള്‍ കൊയ്ത താരങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘത്തിനാണ് ഇത്തരം അവഗണന നേരിടേണ്ടിവരുന്നത്. എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്ന ഒന്നായി ഈ അവഗണന മാറിയിരിക്കുന്നു. ഓരോ തവണയും ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ മാത്രം അധികൃതര്‍ ഉണരുകയും രംഗത്തെത്തുകയും ചെയ്യുന്നു. അടുത്തവര്‍ഷവും ഇതേ പല്ലവി ആവര്‍ത്തിക്കും. കായികതാരങ്ങളോടുള്ള സംസ്ഥാനസര്‍ക്കാരിന്റെയും സ്പോര്‍ട്സ് വകുപ്പിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അവഗണന കേരളത്തിന്റെ കായികപുരോഗതിക്ക് തടസമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: