ലണ്ടന്‍: യൂറോപ്പിനെ വലച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഭരണകൂടങ്ങള്‍ ഗ്രീക്ക് ദ്വീപ് സമൂഹം മുതല്‍ മാള്‍ട്ട പൗരത്വം വരെ വില്പനക്കുവെച്ചത് വിമര്‍ശനമുയര്‍ത്തുന്നു. പട്ടിണി കിടക്കുന്നതിനെക്കാള്‍ മെച്ചം പണമുള്ളവന് പരവതാനിയൊരുക്കലാണെന്ന നിലപാടിലാണ് സര്‍ക്കാരുകള്‍. സമ്പന്നരുടെ പറുദീസയായ മാള്‍ട്ടയില്‍ 6,50,000 യൂറോയുമായി എത്തുന്ന വിദേശിക്ക് പൗരത്വം നല്‍കാനുള്ള പദ്ധതി കഴിഞ്ഞ നവംബറിലാണ് പ്രഖ്യാപിക്കപ്പെട്ടത്.
വിമര്‍ശമുയര്‍ന്നതോടെ തുക 11.5 ലക്ഷം യൂറോയായി ഉയര്‍ത്തി. ഇതില്‍ അഞ്ചു ലക്ഷം രാജ്യത്ത് നിക്ഷേപിക്കണം. ഒരു കാലത്തെ കമ്യൂണിസ്റ്റ് സ്വര്‍ഗമായ പോളണ്ടില്‍ സര്‍ക്കാര്‍ അധീനത്തിലുള്ള 30 കൊട്ടാരങ്ങളാണ് കഴിഞ്ഞ വര്‍ഷം വില്പനക്കുവെച്ചത്. കാര്‍ഷിക മന്ത്രാലയം സജ്ജമാക്കുന്ന 140 ആഡംബര ഭവനങ്ങള്‍ വേറെയും വില്‍പനക്കുണ്ടാകുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍.
ചരിത്രമുറങ്ങുന്ന അപൂര്‍വ നിര്‍മിതികളുടെ സ്വന്തം നാടായ ഇറ്റലിയും വിറ്റഴിക്കല്‍ മാമാങ്കത്തിനുള്ള ഒരുക്കങ്ങളിലാണ്. സാര്‍ഡിനിയ ദ്വീപിനോടു ചേര്‍ന്ന ബുഡേലി ദ്വീപ് ന്യൂസിലാന്ഡ്വ്യവസായിക്ക് കഴിഞ്ഞ ഒക്ടോബറില്‍ വിറ്റത് 29 ലക്ഷം യൂറോക്ക്. ടോം ക്രൂസും കാറ്റിയും വിവാഹിതരായ കൊട്ടാരം, 18ാം നൂറ്റാണ്ടിലെ കര്‍ദിനാളുടെ വസതി വില്ല മിറബെലിനോ തുടങ്ങി 50 ഓളം പൈതൃക ഭവനങ്ങളും ഉടന്‍ വില കൊടുത്തു വാങ്ങാനാകും. പ്രതിസന്ധി ഏറെ ബാധിച്ച ഗ്രീസ്, അയോണിയന്‍ കടലിലെ ആറു ദ്വീപുകളാണ് അടുത്തിടെ കൈമാറിയത്. ഖത്തര്‍ അമീറായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഇവ വാങ്ങിയതാകട്ടെ, 85 ലക്ഷം യൂറോക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: