കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ ബോട്ടിലിംഗ് പ്ലാന്റില്‍നിന്ന് എല്‍പിജി സിലിണ്ടര്‍ നീക്കം രണ്ടാം ദിവസമായ വ്യാഴാഴ്ച പൂര്‍ണമായും മുടങ്ങി. ഇതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലേക്കുള്ള പാചകവാതക വിതരണം തടസപ്പെട്ടു.
കോഴിക്കോട് ചേളാരിയിലും കൊല്ലത്തുമുള്ള ബോട്ടിലിംഗ് പ്ലാന്റുകളിലും സിലിണ്ടര്‍ നീക്കം നിര്‍ത്തിയതായിട്ടാണ് അറിയുന്നത്.
പാചകവാതകത്തിന്റെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെക്കുറിച്ച് കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി വീരപ്പ മൊയ്ലിയുടെയും സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രസ്താവനകള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് പാചകവാതക നീക്കം നിലക്കാനുണ്ടായ പ്രധാന കാരണം. ആശയക്കുഴപ്പം പരിഹരിക്കപ്പെടാതെ നില്ക്കുന്നതിനാല് എല്‍പിജി വിതരണ ഏജന്‍സികള്‍ വ്യാഴാഴ്ചയും ഐഒസിക്ക് ഓര്ഡര്ഫോം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് സിലിണ്ടറുമായി പോകുന്ന ലോറിഡ്രൈവര്‍മാര്‍ക്ക് ബില്ല് അടിച്ചുനല്‍കാനും ഐഒസിക്ക് കഴിഞ്ഞില്ല.
വിതരണത്തിലെ അനിശ്ചിതത്വം കാരണം ഉദയംപേരൂര്‍ പ്ലാന്റില്‍ ഒരു ബോട്ടിലിംഗ് പ്ലാന്റ്മാത്രമേ വ്യാഴാഴ്ച പ്രവര്‍ത്തിപ്പിക്കാനായുള്ളൂ. ബുധനാഴ്ച 58 ലോഡ് മാത്രമാണ് പുറമേക്ക് പോയത്. നിറച്ച 80 ലോഡ് സിലിണ്ടര്‍ ലോറികള്‍ ഐഒസിയില്‍ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ അവശേഷിച്ച കാലി സിലിണ്ടറുകള്‍ ഒരു പ്ലാന്റില്‍ റീഫില്‍ ചെയ്യുന്ന പണിയാണ് വ്യാഴാഴ്ച നടന്നത്. പുറമെനിന്ന് കാലി സിലണ്ടറുകളും പ്ലാന്റിലേക്ക് എത്തുന്നില്ല.
പുതിയ വിലവര്‍ധനവ് സംബന്ധിച്ച് എണ്ണക്കമ്പനികളില്‍നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും വിതരണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ സ്റ്റോക്കുള്ള പാചകവാതകവും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നില്ല.
ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള സിലിണ്ടര്‍ നീക്കം നിലച്ചതോടെ തെക്കു-വടക്കുള്ള ഏതാനും ജില്ലകളില്‍ സിലിണ്ടര്‍ വിതരണം താളംതെറ്റാനും സാധ്യതയുണ്ട്.
ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി യോജിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത് സംബന്ധിച്ചും ഏജന്‍സികളില്‍ ഔദ്യോഗിക അറിയിപ്പൊന്നുമില്ല.
അപ്രതീക്ഷിതമായുണ്ടായ പാചകവാതക വിലവര്‍ധനവിനെത്തുടര്‍ന്ന് ഏജന്‍സികളില്‍നിന്നുള്ള പാചകവാതക വിതരണവും അനൗദ്യോഗികമായി നിര്‍ത്തിവെച്ചു. ബില്‍ അടിയ്ക്കാന്‍ കഴിയാത്തതാണ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്ന ന്യായം. ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് സബ്സിഡി തുക കിട്ടുന്നില്ല എന്ന പരാതി നില്‍ക്കുമ്പോഴും 1300 രൂപ നല്കി ഗ്യാസ് സിലിണ്ടര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറായാണ് ഏജന്‍സികളില്‍ എത്തുന്നത്. ബില്‍ അടിയ്ക്കാന്‍ കഴിയാത്തതിനാല്‍ പല ഏജന്‍സികളും സ്ലിപ്പില്‍ എഴുതിയാണ് ഗ്യാസിനുള്ള വില കൈപ്പറ്റുന്നത്. ഇങ്ങനെ മുഴുവന്‍ തുകയും കൊടുക്കുന്നവര്‍ക്ക് സബ്സിഡി തുക കിട്ടില്ല എന്ന് ഏജന്‍സികള്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
1293.50 രൂപ നിലവിലുള്ളപ്പോള്‍ 1300 രൂപയാണ് ചില്ലറയുടെ പേരുപറഞ്ഞ് ഏജന്‍സികള്‍ വാങ്ങുന്നതെന്നും പരക്കെ പരാതിയുണ്ട്. ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി രണ്ടുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുള്ള സാധാരണക്കാരായ ഉപഭോക്താക്കള്‍ സബ്സിഡി തുട മുടക്കി സബ്സിഡി തുക മടക്കികിട്ടുന്നതിനുവേണ്ടി ബാങ്കുകള്‍ തോറും കയറിയിറങ്ങുകയാണ്. അഥവാ കിട്ടിയാല്‍ തന്നെ 750 രൂപ മടക്കി കിട്ടേണ്ട സ്ഥാനത്ത് 714 രൂപ മാത്രമേ മടക്കികിട്ടുന്നുള്ളൂ എന്നും പരാതിയുണ്ട്. ഫലത്തില്‍ 36 രൂപ അധികം നല്‍കേണ്ട സ്ഥിതിയാണ് ഉപഭോക്താക്കള്‍ക്കുള്ളത്.
ഇപ്പോള്‍ നിലവിലുള്ള സ്റ്റോക്ക് വര്‍ധിപ്പിച്ച വിലയിലാണ് ഏജന്‍സികള്‍ വില്‍ക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ വിലവര്‍ധനയില്‍ കൊള്ളലാഭം കൊയ്യാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പുതിയ വിലയില്‍ പുതിയ ലോഡുവന്നു കഴിഞ്ഞാല്‍ മാത്രമേ ഇനി കുറഞ്ഞ വിലയില്‍ ഗ്യാസ് നല്കാന് കഴിയുകയുളളൂ എന്നും ഏജന്‍സികള്‍ പറയുന്നു.
ആധാര്‍ ലിങ്ക് ചെയ്യേണ്ട ദിവസം അവസാനിക്കുകയും വിലവര്‍ധനവും ഒന്നിച്ചുവന്നതോടെ ബാങ്കുകളിലും വന്‍ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. കെട്ടുകണക്കിന് ആധാര്‍കാര്‍ഡുകളാണ് ബാങ്കുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കെട്ടിക്കിടക്കുന്നത്. ഇത് പരിഹരിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
ആശയക്കുഴപ്പം മൂലമുണ്ടായ പ്രശ്നങ്ങള്‍ എത്രയുംപെട്ടെന്ന് പരിഹരിക്കുന്നതിനായി എണ്ണക്കമ്പനി ഉദ്യോഗസ്ഥരും വിതരണ ഏജന്‍സി പ്രതിനിധികളും കരാറുകാരും ചര്‍ച്ച ചെയ്ത് സിലിണ്ടര്‍ വിതരണം പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: