കൊച്ചി: കര്‍ഷകതൊഴിലാളിക്ക് കൈത്താങ്ങായി കര്‍ഷകമോര്‍ച്ച. പ്രായാധിക്യവും രോഗവും മൂലം അവശതയനുഭവിക്കുന്ന പനമ്പിള്ളിനഗറിലെ ആദ്യകാല കര്‍ഷകത്തൊഴിലാളി കാര്ത്യായനിയമ്മക്കാണ് മാസം അഞ്ഞൂറ് രൂപ കര്‍ഷക പെന്‍ഷനായി നല്‍കിക്കൊണ്ട് കര്‍ഷകമോര്‍ച്ച കൈത്താങ്ങാവുന്നത്.
108 വയസുള്ള കാര്‍ത്ത്യായനിയമ്മ ആദ്യകാലത്ത് നിരവധി കര്‍ഷകസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ നൂറ്റിയെട്ടാം വയസിലും കൃഷിയെയും കാര്ഷികതൊഴിലിനെയും മനസ്സില്‍ ലാളിക്കുന്ന ഇവര്‍ക്ക് കര്‍ഷക പെന്ഷന് അനുവദിക്കാന്‍ ഇതുവരെയും ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. കൃഷിയെയും കാര്‍ഷികവൃത്തിയെയും വാനോളം പുകഴ്ത്തുന്ന ഭരണാധികാരികള്‍ ഇവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇടത്-വലത് സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോഴും കാര്‍ത്യായനിയമ്മ കര്‍ഷകത്തൊഴിലാളി-വാര്ധക്യപെന്ഷനായി അപേക്ഷ നല്‍കാറുണ്ട്. വാര്‍ധക്യത്തിന്റെ അവശതയിലും ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് വരുന്ന അവസരങ്ങളില്‍ ഇരുമുന്നണികളിലെയും പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തി വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം മറക്കുന്നു. മരുന്നിനും ഭക്ഷണത്തിനുമായി ചെറിയ തുകയെങ്കിലും പെന്‍ഷനായി മാസംതോറും ലഭിച്ചാല്‍ ഇവര്‍ക്ക് ഒരു ആശ്വാസമാകുകയായിരുന്നു.
എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി വാരിക്കോരി വന്‍തുക ചെലവഴിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ കാര്ഷികതൊഴിലിനെ സ്നേഹിക്കുന്ന ഈ വൃദ്ധയെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ അവസരത്തിലാണ് ബിജെപി-കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍ കാര്‍ത്യായനിയമ്മയുടെ വീട്ടില്‍ എത്തി അവരെ ആദരിക്കുകയും എല്ലാ മാസവും അഞ്ഞൂറ് രൂപ കര്‍ഷകതൊഴിലാളി പെന്‍ഷനായി നല്‍കാനും തീരുമാനിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എന്‍. മധു, കര്‍ഷകമോര്‍ച്ച ജില്ലാ കണ്‍വീനര്‍ പി.ബി. സുജിത്ത്, പി.ആര്. ഓമനക്കുട്ടന്, ബി. സതീശന്, ബാബുരാജ് തച്ചേത്ത്, പി.എസ്. ഷാജി എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: