ചങ്ങനാശ്ശേരി: സമുദായങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. 137-ാമത് മന്നംജയന്തി സമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളെ അവഗണിച്ചാല്‍ ഉണ്ടാകുന്ന തലവേദന മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഇതിനകംതന്നെ മനസ്സിലായിട്ടുണ്ടെന്ന് കരുതുന്നു. മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പരാധീനതകള്‍ ഉള്ളവര്‍ക്ക് കിട്ടേണ്ട സംരക്ഷണം സര്‍ക്കാരുകള്‍ നല്‍കുന്നില്ലെന്ന ന്യായമായ ആക്ഷേപം ഉയര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സുറിയാനി ക്രൈസ്തവരും തുല്യ ദുഃഖിതരാണ്. ഞങ്ങള്‍ ഇത്രയും ശക്തമായി പറഞ്ഞു തുടങ്ങിയില്ലെന്നെയുള്ളൂ, അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തിന്റെ അഭ്യുന്നതിക്ക് വേണ്ടി സമുദായ നേതാവ് സംസാരിക്കുമ്പോള്‍ ഇതര സമുദായങ്ങള്‍ ആകുലപ്പെടേണ്ടതില്ല. സമുദായസേവനത്തിലൂടെ ലോകസേവനം എന്ന സന്ദേശമാണ് മന്നത്തു പത്മനാഭന് എന്‍എസ്എസിന് നല്‍കിയത്. ക്രൈസ്തവസഭകളോട് യോജിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്ന എന്‍എസ്എസ് നിലപാടിനെ കേരള ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യുന്നതായും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.
എന്‍എസ്എസ് പ്രസിഡന്റ് അഡ്വ: പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ശതവാര്‍ഷികാഘോഷ ഉദ്ഘാടനം ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനകമ്മീഷന് അംഗം ഡോ. സിറിയക്ക് തോമസ്,കേരളാ സ്റ്റേറ്റ് ഹയര്എഡ്യൂക്കേഷന് കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ റ്റി.പി.ശ്രീനിവാസന് എന്നിവര്‍ ആശംസയര്‍പ്പിച്ചു. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതവും ട്രഷറര്‍ ഡോ. എം.ശശികുമാര്‍ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: