ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് സിയിലെ കേരള-ഹൈദരാബാദ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഹൈദരാബാദ് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെന്ന ശക്തമായ നിലയിലാണ്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 266 റണ്‍സിന്റെ ലീഡ് ഹൈദരാബാദിന് സ്വന്തമായി. അവസാന ദിവസമായ ഇന്ന് നേരത്തെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് കേരളത്തെ പുറത്താക്കി വിജയം നേടാനായിരിക്കും ഹൈദരാബാദിന്റെ ശ്രമം. 145 റണ്‍സെടുത്ത ഓപ്പണര്‍ ഹനുമ വിഹാരിയുടെയും 74 റണ്‍സെടുത്ത സയ്യദ് ഖ്വാദ്രിയുടെയും 48 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന അമോല്‍ ഷിന്‍ഡെയുടെയും മികച്ച ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സില്‍ ഹൈദരാബാദിനെ മികച്ച നിലയിലെത്തിച്ചത്. അമോല്‍ ഷിന്‍ഡെക്കൊപ്പം 19 റണ്‍സെടുത്ത ആശിഷ് റെഡ്ഡിയാണ് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്. 30 റണ്‍സെടുത്ത ബി. സന്ദീപും ഹൈദരാബാദിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിന് വേണ്ടി നിസാര്‍ നിയാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ഹൈദരാബാദ് ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സെടുത്തപ്പോള്‍ കേരളം 264 റണ്‍സാണെടുത്തത്.
















