അബുദാബി: പാക്കിസ്ഥാനുമായുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് ആശ്വാസ ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടു പന്തുകള്‍ അവശേഷിക്കെ സിംഹള വീരര്‍ രണ്ടു വിക്കറ്റ് ജയം പിടിച്ചെടുത്തു. അജന്ത മെന്‍ഡിസുമൊത്ത് (19 നോട്ടൗട്ട്) ദിനേശ് ചന്ദിമല്‍ (64 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ലങ്കയ്‌ക്ക് നാടകീയ ജയം ഒരുക്കിയത്. ഇതോടെ പരമ്പര 3-2ന് പാക്കിസ്ഥാന്‍ ഉറപ്പിച്ചു. സ്‌കോര്‍: പാക്കിസ്ഥാന്‍- 223 (49.3 ഓവര്‍). ലങ്ക- 8ന് 235 (49.4). ചന്ദിമല്‍ മാന്‍ ഓഫ് ദ മാച്ചും മുഹമ്മദ് ഹഫീസ് മാന്‍ ഓഫ് ദ സീരിസുമായി.
ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന ലങ്കയ്‌ക്ക് കുഷാല്‍ പെരേര (47), തിലരത്‌നെ ദില്‍ഷന്‍ (45) എന്നിവര്‍ ചേര്‍ന്ന് പ്രതീക്ഷയുള്ള തുടക്കം നല്‍കി. എന്നാല്‍ കുമാര്‍ സംഗക്കാരയും (22) അഷന്‍ പ്രിയജ്ഞാനും (1) ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും (8) കിതിരുവാന്‍ വിതാനഗെ (14) എന്നിവരുടെ പതനം ലങ്കയുടെ അടിതെറ്റിച്ചു. പക്ഷേ, ഒമ്പതാം വിക്കറ്റില്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച ചന്ദിമല്‍ ടീമിനെ വിജയതീരമണയിച്ചു. ഈ സഖ്യം 4.1 ഓവറില്‍ 40 റണ്‍സ് വാരി. ജുനൈദ് ഖാന്‍ എറിഞ്ഞ 47-ാം ഓവറില്‍ ഒരു ബൗണ്ടറിയടക്കം ഒമ്പത് റണ്‍സ് ചന്ദിമലും മെന്‍ഡിസും അടിച്ചെടുത്തു. സയീദ് അജ്മലിനെ മെന്‍ഡിസ് അതിര്‍ത്തി കടത്തുമ്പോള്‍ പാക്കിസ്ഥാന്റെ പിടിയയഞ്ഞു. അവസാന രണ്ട് ഓവറില്‍ ലങ്കന്‍ ലക്ഷ്യം 18. ഉമര്‍ ഗുല്‍ എറിഞ്ഞ 49ാം ഓവറില്‍ ചന്ദിമലും മെന്‍ഡിസും സിക്‌സറുകള്‍ പറത്തി. അവസാന ഓവറില്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സുകള്‍ ലങ്ക അനായാസം നേടി.
















