മരട്: നഗരസഭാ ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ക്ക് അവകാശവുമായി ഐ വിഭാഗം രംഗത്ത്. ഇപ്പോള്‍ ഈ രണ്ട് സ്ഥാനങ്ങളും വഹിച്ചുവരുന്നത് എ വിഭാഗത്തില്‍നിന്നുള്ളവരാണ്. മുന്‍ ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം ഇരു പദവികളും ഐ ഗ്രൂപ്പുകാര്‍ക്ക് വിട്ടുനല്‍കണമെന്ന് കരാറുണ്ടാക്കിയിരുന്നതായാണ് ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ അവകാശവാദം. എന്നാല്‍ മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടും സ്ഥാനങ്ങള്‍ ഒഴിഞ്ഞുപോവാന്‍ എ വിഭാഗക്കാര്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് സമ്മര്‍ദ്ദ തന്ത്രങ്ങളുമായി എതിര്‍ചേരി രംഗത്തിറങ്ങിയിരിക്കുകയാണ്.
എ വിഭാഗത്തോടൊപ്പമുള്ള അഡ്വ. ടി.കെ.ദേവരാജനും അജിതാ നന്ദകുമാറുമാണ് മരടില്‍ ഇപ്പോള്‍ ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് തങ്ങളുടെ വിഭാഗത്തിലെ രണ്ടുപേര്‍ക്ക് പദവികള്‍ കൈമാറണമെന്നാണ് ഐയുടെ ആവശ്യം. ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇതിനുള്ള കരാറുണ്ടാക്കിയിരുന്നതായും ഐ വിഭാഗം പറയുന്നു. മുതിര്‍ന്ന നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ബി.മുഹമ്മദ് കുട്ടിയെയാണ് ചെയര്മാന് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തിന് ഒരു വനിതാ കൗണ്‍സിലറുടെ പേരും നിര്‍ദ്ദേശിക്കുന്നുണ്ട്.
നിലവില്‍ യുഡിഎഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി ചെയര്മാന് കൂടിയാണ് കെ.ബി.മുഹമ്മദ് കുട്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ മരടില്‍ ഇദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. പദവികളെ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തില്‍ ഉന്നയിക്കാനാണ് ഐ വിഭാഗത്തിന്റെ നീക്കം. ചുരുങ്ങിയ പക്ഷം വൈസ് ചെയര്‍പേഴ്സണ്‍ പദവിയെങ്കിലും ലഭിക്കാതെ തങ്ങള്‍ പിന്നോട്ട് പോവില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: