കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകാലാശാല (കുഫോസ്) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര ശില്പശാലയുടെ ഭാഗമായൊരുക്കിയ ഫീല്‍ഡ് ട്രിപ്പ് വിദേശപ്രതിനിധികള്‍ക്ക് നവ്യാനുഭവമായി. മുനമ്പം മത്സ്യത്തുറമുഖത്താണ് സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ ഇന്ന് അവലംബിക്കുന്ന മത്സ്യബന്ധനരീതികളെക്കുറിച്ച് അവര്‍ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി.
ഇന്ത്യന്‍ മഹാസമുദ്രതീരം പങ്കിടുന്ന ടാന്‍സാനിയ, മൊസാമ്പിക്, മഡഗാസ്കര്‍, ശ്രീലങ്ക, യെമന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികളാണ് മുനമ്പം മത്സ്യത്തുറമുഖം സന്ദര്‍ശിച്ചത്.
യെമനില്‍ നിന്നുള്ള സഹമന്ത്രി (പ്ലാനിങ് ആന്‍ഡ് ഫിഷറീസ് പ്രോജക്ട് സെക്ടര്‍) അബ്ബാസ് ഈസ അബൂബക്കര്‍ മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് സംവിധാനത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. മത്സ്യലഭ്യതയുടെ തോതും തൊഴിലാളികളുടെ ലാഭവരുമാനങ്ങളും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. അദ്ദേഹത്തൊടൊപ്പം വന്ന ഫിഷറീസ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കൂടിയായ അബ്ദുള്ള അവാദ് മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ചീനവലകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും അന്വേഷിച്ചു.
ടാന്‍സാനിയയില്‍ നിന്ന്വന്ന ഹമീഷി നികുലായിരുന്നു വിവരങ്ങള്‍ ചോദിച്ചറിയാന്‍ കൂടുതല്‍ ഉല്‍സാഹം കാണിച്ചത്. മത്സ്യബന്ധനത്തിന് അനുവദിക്കപ്പെട്ട മേഖലയുടെ ദൂരപരിധിയും ബോട്ടിന്റെ അളവും അന്വേഷിച്ചറിഞ്ഞ ഹമീഷി, വിദേശമത്സ്യബന്ധനയാനങ്ങളുടെ അനിയന്ത്രിത കടന്നുകയറ്റത്തെക്കുറിച്ചും തൊഴിലാളികളോട് അന്വേഷിച്ചു. ചെറുകിട-വന്‍കിട മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ കിടമത്സരങ്ങളെക്കുറിച്ചും വംശനാശം നേരിടുന്ന മത്സ്യയിനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.
ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിനെക്കുറിച്ചറിയാനായിരുന്നു മൊസാമ്പിക്കില്‍ നിന്ന് വന്ന പ്രതിനിധി ഗ്രാസ ലൂസിയ ഏലിയാസിന് താല്പര്യം ശ്രിലങ്കയില്‍ നിന്ന്വന്ന സുജീവ അത്തുക്കൂറലയ്ക്ക് ബോട്ടുകളുടെ രജിസ്ട്രേഷന് വ്യവസ്ഥകളെക്കുറിച്ചാണ് അറിയ്യിരുന്നത്. മത്സ്യപ്രജനനകാലത്തെ ട്രോളിംഗ് നിരോധനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെക്കുറിച്ചും സുജീവ ചോദിച്ചറിഞ്ഞു. പിന്നീട്, ബോട്ടിനുള്ളിലേക്കിറങ്ങി മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന സംവിധാനവും മനസ്സിലാക്കി. മത്സ്യങ്ങളുടെ പേരുവിവരങ്ങളും വിലനിലവാരവും ചോദിച്ചറിയാനും അവര്‍ മറന്നില്ല.
മത്സ്യബന്ധനവലകള്‍ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിനിധികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പുറമെ, കേരളതീരങ്ങളില്‍ കാണപ്പെടുന്ന മത്സ്യയിനങ്ങള്‍, കടലുമായി ബന്ധപ്പെട്ട ശാസ്ത്രീയവിവരങ്ങള്‍ എന്നിവ കുഫോസ് സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്നോളജി ഡയറക്ടറും ശില്പശാലയുടെ കണ്‍വീനറുമായ പ്രൊഫ. കെ.വി. ജയചന്ദ്രന് വിശദീകരിച്ചു.
കേരളത്തിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്താനുള്ള അവസരങ്ങളൊരുക്കുന്നതിനുമാണ് ശില്പശാലയില് ഫീല്‍ഡ് ട്രിപ്പ് ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില് ഇത്തരം സന്ദര്‍ശനങ്ങള്‍ വേറെയും ഉള്പ്പെടുത്തിയിട്ടുന്ന്മ് പ്രൊഫ. ജയചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: