ന്യൂദല്‍ഹി: നാലു സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന 589 നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് കേവലം 126 സ്ഥലങ്ങളില്‍ മാത്രം. കനത്ത പരാജയത്തിന്റെ അമ്പരപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും വിട്ടുമാറിയിട്ടില്ല. പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചില്ലെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് ദല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാദീക്ഷിതാണ് ആദ്യം രംഗത്തെത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ സര്‍ക്കാരും പാര്‍ട്ടിയും രണ്ടു തലത്തിലാണ് മുന്നോട്ട് നീങ്ങിയതെന്ന് ആരോപിച്ച് ജനാര്‍ദ്ദന്‍ ദ്വിവേദിയും രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ നയങ്ങളാണ് ദയനീയ തോല്‍വിയുടെ യഥാര്‍ത്ഥ കാരണമെന്ന് രഹസ്യമായി സമ്മതിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി രാഹുല്‍ ചുമതലയേറ്റെടുത്തതു മുതല്‍ രാഹുല്‍ഗാന്ധിയുടെ ഇഷ്ടപ്രകാരമാണ് പാര്‍ട്ടിയിലെ ചെറിയ കാര്യങ്ങള്‍ പോലും നടക്കുന്നത്. സ്വന്തക്കാര്‍ക്കു വേണ്ടി രാഹുല്‍ സ്വീകരിച്ച പല തീരുമാനങ്ങളും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായിട്ടുണ്ട്. ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും രാഹുല്‍ഗാന്ധിയുടെ അനുയായികളായ കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി ഹൈക്കമാന്റ് അനൗദ്യോഗികമായി പ്രഖ്യാപിച്ചത് അതാതു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിച്ചു. ഛത്തീസ്ഗഢില്‍ ചരണ്‍ദാസ് മഹന്തിനേയും രാജസ്ഥാനില്‍ സി.പി ജോഷിയേയും മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയേയുമാണ് ഹൈക്കമാന്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി മുന്നില്‍ നിര്‍ത്തിയത്. കേന്ദ്രത്തില്‍ നിന്നും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് കാലമായപ്പോള്‍ മുഖ്യമന്ത്രിപദമോഹികള്‍ വന്നിറങ്ങിയത് സംസ്ഥാന നേതൃത്വങ്ങള്‍ അംഗീകരിച്ചിരുന്നില്ല. അത് ആകെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കൂട്ടക്കൊലയില്‍ സംസ്ഥാന നേതൃത്വം പൂര്‍ണ്ണമായും ഇല്ലാതായെങ്കിലും മുന്‍മുഖ്യമന്ത്രി അജിത് ജോഗി സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 82 തെരഞ്ഞെടുപ്പ് റാലികളാണ് അജിത് ജോഗി നടത്തിയത്. എന്നാല്‍ ഭരണം ലഭിച്ചാല്‍ ചരണ്‍ദാസ് മഹന്തായിരിക്കും ഛത്തീസ്ഗഢിലെ മുഖ്യമന്ത്രിയെന്ന കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിച്ചെന്നാണ് അജിത് ജോഗി വിഭാഗത്തിന്റെ ആരോപണം. കുറച്ചുകൂടി ശക്തമായി മത്സരിച്ചിരുന്നെങ്കില്‍ ഛത്തീസ്ഗഢ് ഭരണം ലഭിക്കുമായിരുന്നു എന്ന ഹൈക്കമാന്റ് വിലയിരുത്തലിനേയും ഇവര്‍ എതിര്‍ക്കുന്നതിന്റെ കാരണം ഇതാണ്. ചരണ്‍ദാസ് മഹന്തിന്റെ നേതൃത്വമാണ് ഭരണം നേടിയെടുക്കുന്നതിനു പ്രധാന തടസ്സമായതെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ വികാരം.
സമാനമായ അവസ്ഥ തന്നെയാണ് രാജസ്ഥാനിലും ഉയര്‍ന്നിരിക്കുന്നത്. സി.പി ജോഷിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച ഹൈക്കമാന്റ് നടപടി ജനപ്രിയ നേതാവായ അശോക് ഗെലോട്ട് വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് ജുഗാല് കാബ്രയുള്പ്പെടെ പരസ്യമായ പ്രതികരണങ്ങളും നടത്തി. പിസിസി പ്രസിഡന്റ് ചന്ദ്രഭാന്‍ മത്സരിച്ച മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന സാഹചര്യവും രാജസ്ഥാനിലുണ്ടായി. സി.പി ജോഷിയുടെ സാന്നിധ്യം കോണ്‍ഗ്രസിന്റെ പ്രകടനത്തെ ദോഷം ചെയ്തെന്ന വിലയിരുത്തലാണ് രാജസ്ഥാനില്‍ നിന്നും ഉയരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എത്തി നില്‍ക്കുന്നത്.
മധ്യപ്രദേശില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരായ നേതാക്കളെയെല്ലാം മാറ്റി നിര്‍ത്തി ജൂനിയറായ ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്തിറക്കി നടത്തിയ പ്രചാരണത്തില്‍ അസന്തുഷ്ടരായ വിഭാഗം തോല്‍വി ഭാരം കേന്ദ്രമന്ത്രിക്കു മേല്‍ ചാര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ അവസാന ഘട്ടത്തിലെത്തിയില്ലായിരുന്നെങ്കില് പരാജയം കൂടുതല്‍ കനത്തേനെയെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.
ദല്‍ഹിയില്‍ ഷീലാദീക്ഷിതിനോട് അവിശ്വാസം പ്രകടിപ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റ് ഒരു ഘട്ടത്തില്‍ മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കനെ നിര്ത്തുന്നതിനേപ്പറ്റി പോലും ആലോചിച്ചിരുന്നു. എന്നാല്‍ ഷീലാ ദീക്ഷിതിന്റെ പ്രതിഷേധം ഭയന്നാണ് അതു പിന്‍വലിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ദയനീയ പതനത്തിനു കാരണമായതെന്ന് ഷീലാദീക്ഷിത് വിഭാഗം പറയുന്നു. പരമ്പരാഗത വോട്ടര്‍മാരുടെ സ്വന്തം അടിത്തറ നഷ്ടമായത് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ കുറ്റം പരസ്പരം ചാര്‍ത്താനാണ് ദല്‍ഹിയിലും ശ്രമം.
സോണിയാഗാന്ധി ആരോഗ്യപ്രശ്നങ്ങളേ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കുറച്ചതോടെയാണ് കോണ്‍ഗ്രസിലെ ശക്തനായ നേതാവായി രാഹുല്‍ മാറിയത്. എന്നാല്‍ സ്വന്തക്കാരായ നേതാക്കള്‍ക്കു വേണ്ടി ജനസ്വാധീനമുള്ള നേതാക്കളെ മറന്നുകൊണ്ട് തീരുമാനങ്ങളെടുക്കുന്ന രാഹുലിന്റെ ശൈലി പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജയറാം രമേശ്, അഹമ്മദ് പട്ടേല്‍, സല്മാന് ഖുര്‍ഷിദ്, കപില്‍ സിബല്‍ തുടങ്ങിയ നേതാക്കള്‍ക്കു പകരം ജനങ്ങളുമായി ബന്ധമുള്ള നേതൃത്വത്തെ പുന:സ്ഥാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: