പെരുമ്പാവൂര്‍: സേവ് രായമംഗലം പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഉയര്‍ത്തിയിരുന്ന സമരപ്പന്തല്‍ സാമൂഹ്യവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. നെല്ലിമോളം കവലയില്‍ ആണ് കഴിഞ്ഞ 38 ദിവസം മുമ്പ് പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി പ്ലൈവുഡ് മലിനീകരണത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തല്‍ തീര്‍ത്തത്. ഈ പന്തലാണ് ശനിയാഴ്ച രാത്രിയില്‍ അഗ്നിക്കിരയായത്. രായമംഗലം പഞ്ചായത്ത് ഭരണസമിതിയും ചില മത ഭീകരവാദ സംഘടനകളുമാണ് ഇതിന് പിന്നിലെന്ന് കര്‍മ്മസമിതി ചെയര്മാന് വര്‍ഗ്ഗീസ് പുല്ലുവഴി ജന്മഭൂമിയോട് പറഞ്ഞു.
രായമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന പരിസര മലിനീകരണത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി കര്‍മ്മസമിതി സമരത്തിലാണ്. ഇതിനെതിരെ പലഭാഗങ്ങളില്‍ നിന്നും കര്‍മ്മസമിതിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ സമരപ്പന്തല്‍ കത്തിച്ചത് നാട്ടില്‍ സമാധാന ജീവിതം ആഗ്രഹിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്ലൈവുഡ് ലോബികളെ സംരക്ഷിക്കുന്ന നിലപാടാണ് രായമംഗലം പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റും, മൂന്ന് അംഗങ്ങളും പ്ലൈവുഡ് കമ്പനികളുടെ ഉടമകളാണ്. അതിനാലാണ് ഇവര്‍ മലിനീകരണം നടത്തുന്നതും. സ്ഥലം കയ്യേറ്റം നടത്തുന്നതുമായ പ്ലൈവുഡ് കമ്പനികളെ അനുകൂലിക്കുന്നതെന്നും വര്‍ഗ്ഗീസ് പുല്ലുവഴി പറഞ്ഞു. അതിനാല്‍ സമരപ്പന്തല്‍ നശിപ്പിച്ചതില്‍ രായമംഗലം പഞ്ചായത്ത് ഭരണസമിതിക്ക് പങ്കുണ്ടെന്നും വര്‍ഗീസ് പുല്ലുവഴി കുറ്റപ്പെടുത്തി.
സമരപ്പന്തലിന്റെ 4 വശവും ആറുത്തെടുത്ത ശേഷമാണ് തീവെച്ചിരിക്കുന്നതെന്നാണ് കര്‍മ്മസമിതി പറയുന്നത്. ഇത് മത തീവ്രവാദ സംഘടനകളുടെ രീതിയാണെന്നും കര്‍മ്മസമിതി കൂട്ടിച്ചേര്‍ത്തു. പീച്ചനാം മുകളില്‍ പ്ലൈവുഡ് കമ്പനി നിര്‍മ്മാണത്തിനെതിരെ സമരം ചെയ്തവരെ മതഭീകര സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ വീട് കയറി ആക്രമണം നടത്തിയിരുന്നു. ഇത്തരം ആളുകളും കര്‍മ്മസമിതിയുടെ പന്തല്‍ നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും വര്‍ഗീസ് പുല്ലുവഴി പറഞ്ഞു. കുറുപ്പംപടി പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: