സ്പോര്‍ട്സിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാമെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിമോചനനായകന് നെല്‍സണ്‍ മണ്ടേല. കായികരംഗത്ത് ദക്ഷിണാഫ്രിക്ക ഇന്ന് കൈവരിച്ച മേധാവിത്വത്തിനെല്ലാം കടപ്പെട്ടിരിക്കുന്നത് മണ്ടേലയുടെ ദീര്‍ഘവീക്ഷണത്തിനാണ്.
കറുത്തവംശജരുടെ വിമോചന നായകന് എന്നു മാത്രമല്ല എല്ലാവരാലും തിരസ്കൃതമായി കിടന്ന ദക്ഷിണാഫ്രിക്കന്‍ കായികരംഗത്തിന് പുതുവെളിച്ചം നല്കിയ മഹാനെന്ന വിശേഷണവും മണ്ടേലക്കാണ്. വര്‍ണ്ണവിവേചനം മൂലം വര്‍ഷങ്ങളോളം ലോകകായിക ഭൂപടത്തില്‍ നിന്നും ദക്ഷിണാഫ്രിക്ക തിരസ്കരിക്കപ്പെട്ടുകിടന്നിരുന്നു. 1960-ല്‍ ഇറ്റലിയില്‍ നടന്ന റോം ഒളിമ്പിക്സില്‍ വെള്ളക്കാരുള്പ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീം പങ്കെടുത്തിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ വര്‍ണ്ണവിവേചന നയത്തിനെതിരെ 1962-ല്‍ യുഎന്‍ പൊതുസഭ പ്രമേയം പാസ്സാക്കിയതോടെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ വിലക്കി. പിന്നീട് നടന്ന ഏഴ് ഒളിമ്പിക്സുകളിലും ദക്ഷിണാഫ്രിക്കക്ക് പങ്കെടുക്കാനായില്ല.
1989-ല്‍ മണ്ടേല ജയില്‍ മോചനത്തോടെയാണ് ദക്ഷിണാഫ്രിക്കക്ക് വീണ്ടും കായികരംഗത്തേക്ക് പ്രവേശനം നല്‍കിയത്. തൊട്ടടുത്ത വര്‍ഷം വര്‍ണവിവേചനം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ തുടര്‍ന്ന് 1990-ല്‍ രാജ്യത്തെ ഒളിമ്പിക്സ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. 1991-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവും മണ്ടേലയുടെ ശ്രമഫലമായിട്ടായിരുന്നു. തിരിച്ചുവരവില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ എതിരാളികള്‍ ഇന്ത്യയായിരുന്നു. പിന്നീട് 92ലെ ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും പങ്കാളികളായി. 94ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മണ്ടേലയുടെ പരിശ്രമത്തിന്റെ ഭാഗമായി 1995ലെ റഗ്ബി ലോകകപ്പിനും ദക്ഷിണാഫ്രിക്ക ആതിഥേയരായി.
പിന്നീട് കായികഭൂപടത്തില്‍ ദക്ഷിണാഫ്രിക്ക ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി. കായികരംഗത്തിന് ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തി മനസ്സിലാക്കിയ മണ്ടേല ഇതിനായി കഠിന പരിശ്രമം നടത്തി. 2003ലെ ലോകകപ്പ് ക്രിക്കറ്റിന് ദക്ഷിണാഫ്രിക്ക വേദിയായതിന് പിന്നിലും മണ്ഡേലയുടെ കരങ്ങളായിരുന്നു.
വലിയ എതിര്‍പ്പുകള്‍ മറികടന്ന് 2010ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ വേദി ദക്ഷിണാഫ്രിക്കക്ക് ലഭിച്ചതിന് പിന്നിലും മണ്ടേലയുടെ സ്വാധീനം തന്നെയാണെന്നത് രഹസ്യമായ പരസ്യമാണ്. ഇരുണ്ട യുഗത്തില്‍ നിന്ന് മോചനം നേടിയശേഷം ദക്ഷിണാഫ്രിക്ക ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ വെല്ലുവിളി കൂടിയായിരുന്നു ലോകകപ്പ് ഫുട്ബോള്‍. ഇത് ജനങ്ങള്‍ക്ക് നല്കുന്ന ആത്മവിശ്വാസവും ലോകത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നല്കിയ ആദരവും ചെറുതല്ലെന്ന തിരിച്ചറിവുണ്ടായിരുന്നു മണ്ടേലയുടെ നയചാതുരിക്ക്. മണ്ടേല പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ് ലോകകപ്പ് ആയത് ചരിത്രത്തിന്റെ വലിയ യാദൃശ്ചികതകളില്‍ ഒന്നാവാം.
മുന്‍ അമേച്വര്‍ ബോക്സിംഗ് താരം കൂടിയായിരുന്നു നെല്‍സണ്‍ മണ്ടേല. മറ്റ് പല ലോക നേതാക്കളേയും പോലെ കളിക്കളത്തിലെ സാന്നിധ്യം വെറും രാഷ്ട്രീയ നേട്ടത്തിന്റെ ആയുധങ്ങളായിരുന്നില്ല മണ്ടേലയ്ക്ക്. വര്‍ണവിവേചനം ഏല്പിച്ച മുറിവുകളിലെ മരുന്നുകളായിരുന്നു മണ്ടേലയ്ക്ക് അവയോരോന്നും. ഡേവിഡ് ബെക്കാമിനെ സന്ദര്‍ശിക്കുമ്പോഴും ടൈഗര്‍ വുഡ്സിനെയും മുഹമ്മദ് അലിയെയും ആദരിക്കുമ്പോഴും വലിയ വലിയ സന്ദേശങ്ങളാണ് മണ്ടേല ദക്ഷിണാഫ്രിക്കന്‍ ജനതയ്ക്ക് കൈമാറിക്കൊണ്ടിരുന്നത്.
1996ല്‍ ദക്ഷിണാഫ്രിക്ക ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയപ്പോള്‍ കിരീടം സമ്മാനിക്കുക മാത്രമല്ല, കപ്പ് ഏന്തിയ ക്യാപ്റ്റന്‍ നീല്‍ ടോവിയ്ക്കൊപ്പം നൃത്തം ചെയ്യാനും മണ്ടേല തയ്യാറായത് കായികരംഗത്തോടുള്ള മണ്ടേലയുടെ അടങ്ങാത്ത ആവേശമാണ് വിളിച്ചോതിയത്.
എന്തായാലും മാഡിബാ എന്ന് സ്നേഹത്തോടെ ദക്ഷിണാഫ്രിക്കക്കാര് വിളിക്കുന്ന മണ്ടേലയുടെ വിയോഗം ദക്ഷിണാഫ്രിക്കന്‍ കായികരംഗത്തിന് തീരാനഷ്ടം തന്നെയാണ്.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: