പാലക്കാട്: ബബിത നേടിയ വെങ്കലത്തിന് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കം. വള്ളുവനാടന്‍ ഗ്രാമത്തിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നാണ് വാണിയംകുളത്തെ പുലാളിത്തറ ചുക്കാന്മാര്തൊടി ബബിത ബ്രസീലിലെ ലോക സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാനെത്തിയത്. കല്ലടി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സി. ബബിത. 800 മീറ്ററിലാണ് വെങ്കല മെഡല്‍ നേടിയത്. സന്തോഷം പങ്കുവെക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മധുരം നല്കുമ്പോഴും മാതാപിതാക്കള്‍ക്ക് പറയാനുള്ളത് ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മാത്രം. മകളുടെ പരിശീലനത്തിന് പോലും സര്‍ക്കാറിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് ബബിതയുടെ പിതാവ് ബാലകൃഷ്ണനും മാതാവ് കമലവും പറഞ്ഞു.
ദേശീയ സ്കൂള്‍ കായികമേളയിലും സംസ്ഥാന സ്കൂള്‍ കായികമേളയിലും നിരവധി മെഡലുകള്‍ നേടിയ ബബിത ഏഷ്യന്‍ സ്കൂള്‍ മീറ്റിലും മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനങ്ങളല്ലാതെ ചെറിയ ധനസഹായം പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ വേദനയോടെ പറഞ്ഞു. 16 വര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്ന് ലഭിച്ച സഹായം കൊണ്ട് നിര്‍മിച്ച വീടിന്റെ അവസ്ഥയും ദയനീയമാണ്. രണ്ട് മുറികളുള്ള കോണ്‍ക്രീറ്റ് വീട്ടില്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ചുമട്ട് തൊഴിലാളിയായ പിതാവിനും കാര്‍ഷിക തൊഴിലാളിയായ മാതാവിനും വീട് നന്നാക്കാന്‍ ആവശ്യമുള്ള പണം ഉണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സഹോദരന് പപ്പന് കൂലി പണിക്കാരാനാണ്.
വാണിയംകുളം ടിആര്‍കെ സ്കൂള്‍ കായികാധ്യാപകന് സുരേഷാണ് ബബിതയിലെ കായികതാരത്തെ ആദ്യം കണ്ടെത്തി പരിശീലനം കൊടുത്തത്. കഠിനമായ പരിശ്രമത്തിലൂടെ കുതിച്ചുപാഞ്ഞ ബബിതയ്ക്ക് പിന്നാലെ പങ്കെടുത്ത ട്രാക്കുകളെല്ലാം കീഴടങ്ങി. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 800, 400 മീറ്ററുകളില്‍ ബബിതക്ക് സ്വര്‍ണം ലഭിച്ചിരുന്നു. ഇടക്കാലത്ത് വാണിയംകുളം ടിആര്‍കെ സ്കൂളില്‍ നിന്നും ബബിത മണ്ണാര്‍ക്കാട് കല്ലടി സ്കൂളിലേയ്ക്ക് ചേക്കേറി. എന്നാല്‍ മുന്‍ അധ്യാപകനായ സുരേഷ് മാസ്റ്ററുടെ നിര്‍ദേശങ്ങളും അനുഗ്രഹവും എന്നും ബബിതയ്ക്കൊപ്പം ഉണ്ടായിരുന്നു. പിന്നീട് കല്ലടി സ്കൂളിലെ കായികാധ്യാപകന് രാമചന്ദ്രന്റെ സഹായം കൊണ്ട് മാത്രമാണ് മകളുടെ പരിശീലനം മുന്നോട്ട് പോകുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.
ദേശീയ കായികമേളയില്‍ മെഡല്‍ നേടിയപ്പോള്‍ ഒന്നരലക്ഷം രൂപ ധനസഹായംലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പും പാഴ് വാക്കായി. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വന്ന് വീടിന്റെ അളവെടുത്ത് പോയെങ്കിലും പീന്നീട് ഇത് യാതൊരു വിവരവുമില്ല. മികച്ച പരിശീലനം ലഭ്യമായാല്‍ മെഡലുകള്‍ നേടാന്‍ നമ്മുടെ താരങ്ങള്‍ക്കും കഴിയുമെന്നാണ് ബബിത തെളിയിക്കുന്നത്. കായിക കേരളത്തിന്റെ അഭിമാന താരങ്ങള്‍ക്ക് ഇനിയെങ്കിലും വേണ്ടത്രെ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അധികൃതര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷയിലാണ് ബബിതയുടെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: