പത്തനംതിട്ട : ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക് മുന്നോടിയായുള്ള നിലവറ ദീപം തെളിയിക്കല്‍ ചടങ്ങ് 11 ന് നടക്കും. പൊങ്കാല വ്രതാരംഭത്തിന് നാന്ദികുറിക്കുന്ന ചടങ്ങാണിത്.
മൂലകുടുംബക്ഷേത്രത്തിലെ നടയില്‍ നിന്നും രാവിലെ 9ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിക്കുന്ന ദീപം ഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് പകരും. അതോടെ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഈമാസം 15 നാണ് പ്രശസ്തമായ ചക്കുളത്ത് കാവ് പൊങ്കാല നടക്കുന്നത്.
കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എല്ലാവര്‍ഷവും ഈ മഹോത്സവത്തില്‍ ക്ഷേത്ര പരിസരങ്ങള്‍ കൂടാതെ തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, എന്നിവിടങ്ങളിലും ഇവിടങ്ങളിലേക്കുള്ള റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിരക്കും. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
15 ന് പുലര്‍ച്ചെ 4 ന് നടക്കുന്ന ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. നിര്‍മ്മാല്യദര്‍ശനം, വിളിച്ചുചൊല്ലി പ്രാര്‍ത്ഥന ഇവയും നടക്കും. രാവിലെ 8.30ന് ധീരുഭായി അംബാനി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ നിത അംബാനി പൊങ്കാല ഉദ്ഘാടനം ചെയ്യും. ഭദ്രദീപ പ്രകാശനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പൊതുസമ്മേളനം തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. 9.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നിപകരും. പൊങ്കാലയുടെ നടത്തിപ്പിന് ക്ഷേത്ര കാര്യദര്‍ശി മണികുട്ടന്‍ നമ്പൂതിരിയാണ് നേതൃത്വം വഹിക്കുക.
വൈകിട്ട് 6 ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായിരിക്കും. ആര്‍എസ്‌എസ് ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍.രാജശേഖരന്‍ മുഖ്യപ്രഭാഷണവും ക്ഷേത്ര കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നടത്തും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി.ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്ജ്വലിപ്പിക്കും.
ആയിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ പൊങ്കാലയോടനുബന്ധിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സൗജന്യ ഭക്ഷണ വിതരണവും ചികിത്സയും ഭക്തജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളും മഹോത്സവത്തോടനുബന്ധിച്ച് ലഭ്യമാക്കും. ക്ഷേത്രത്തിലെ 12 നൊയമ്പ് ഉത്സവം ഈമാസം 16 മുതല്‍ 27 വരെ നടക്കും. 20 നാണ് പ്രശസ്തമായ നാരീപൂജ.
ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ ഗോപാലകൃഷ്ണന്‍നായര്‍, രമേശ് ഇളമണ്‍, ഹരിക്കുട്ടന്‍ നമ്പുതിരി, പി.ഡി കുട്ടപ്പന്‍, സന്തോഷ് ഗോകുലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: