മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഇല്ലെങ്കിലെന്താ കുഴപ്പം നമുക്ക് ഗാരെത് ബെയ്ലുണ്ടല്ലോ. സ്പാനിഷ് ലീഗില്‍ വല്ലാഡോളിഡിനെതിരായ മത്സരശേഷം റയല്‍ മാഡ്രിഡിന്റെ ആരാധകര്‍ മന്ത്രിച്ചത് ഇങ്ങനെയാവും. റെക്കോര്‍ഡ് തുകയ്ക്ക് ടീമില്‍ ചേര്‍ന്ന ബെയ്ല് മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുത്തപ്പോള്‍ റയലിനു വമ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റയല്‍ വല്ലാഡോളിഡിനെ കെട്ടുകെട്ടിച്ചത്. അതില്‍ മൂന്നു ഗോളുകളും ബെയ്ലിന്റെ വക. കരീം ബെന്‍സേമയും മുന്‍ ചാമ്പ്യന്മാരുടെ സ്കോര്‍ ഷീറ്റിലെത്തി. ബെന്‍സേമയുടെ ഗോളിനു പിന്നിലും ബെയ്ല് സ്പര്‍ശമുണ്ടായിരുന്നു. ഇതോടെ റയല്‍ (37) പോയിന്റ് ടേബിളിലെ ഒന്നാമനും ബദ്ധവൈരികളുമായി ബാഴ്സലോണയുമായുള്ള വ്യത്യാസം മൂന്നായി കുറച്ചു. ബാഴ്സയ്ക്കിപ്പോള് 40 പോയിന്റുണ്ട്.
സാന്റിയാഗോ ബര്‍ണബ്യൂവില്‍ പതിവുപോലെ കാര്യങ്ങളെല്ലാം റയലിന്റെ വരുതിയിലായിരുന്നു. ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും അവര്‍ അവസരങ്ങളുടെ നീണ്ടനിര സൃഷ്ടിച്ചു. സാബി അലോണ്‍സോയും എയ്ഞ്ചല്‍ ഡി മരിയയും ഗോളിനടുത്തെത്തിയെങ്കിലും പൂര്‍ണത കണ്ടെത്താനായില്ല. എന്നാല്‍ 33-ാം മിനിറ്റില്‍ ഡി മരിയയുടെ കരുത്തുറ്റ ക്രോസ് വല്ലാഡോളിഡിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.ബോക്സിനുള്ളില്‍ നിന്ന ബെയ്ലിനു ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തു ഹെഡ്ഡ് ചെയ്യേണ്ട ദൗത്യമേയുണ്ടായിരുന്നുള്ളു (1-0). മൂന്നു മിനിറ്റുകള്‍ക്കുശേഷം ബെയ്ലിന്റെ ക്രോസ് ബെന്‍സേമയുടെ തലതൊട്ട് വലയിലെത്തി (2-0).
രണ്ടാം പകുതിയിലും റയല്‍ പൊസഷന്‍ കയ്യടക്കി. എങ്കിലും വല്ലാഡോളിഡിന്റെ ഭാഗത്തു നിന്ന് ചില കൗണ്ടര്‍ അറ്റാക്കുകള്‍ പിറന്നു. പക്ഷേ അവയൊന്നും ഫലംകണ്ടില്ല. 63-ാം വലതുവിങ്ങില്‍ നിന്ന് മാര്സലോയൊടൊത്ത് നടത്തിയ നീക്കത്തിനൊടുവില്‍ ബെയ്ല് ലക്ഷ്യംകാണുമ്പോള് റയല്‍ 3-0ത്തിനു മുന്നില്‍. കളി തീരാന്‍ ഒരു നിമിഷം മാത്രം ബാക്കിനില്‍ക്കെ ക്ലോസ് റേഞ്ചിലൂടെ ബെയ്ല് ഹാട്രിക്കും തികച്ചു (4-0). കഴിഞ്ഞ ദിവസം നടന്ന മറ്റൊരു കളിയില്‍ എല്‍ഷെയെ 2-0ത്തിനു മറികടന്ന അത്ലറ്റിക്കോ (40)പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു തുടര്‍ന്നു. ഗോള്‍ ശരാശരിയുടെ ബലത്തിലാണ് അത്ലറ്റിക്കോയെ ബാഴ്സ പിന്തള്ളിയത്. രണ്ടാം പകുതിയില്‍ കോക്കെ, ഡീഗോ കോസ്റ്റ എന്നിവര്‍ അത്ലറ്റിക്കോയ്ക്കുവേണ്ടി എല്‍ഷെയുടെ വലയില്‍ പന്തെത്തിച്ചു. ഇതോടെ ലീഗില്‍ കോസ്റ്റയുടെ ഗോള്‍നേട്ടം 15ആയി. ക്രിസ്റ്റ്യാനോ (17 ഗോളുകള്‍) അത്ലറ്റിക്കോ താരത്തിനു മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: