മനസ്സില്‍ മഴവില്ല് വിരിയിക്കുന്ന, ദു:ഖത്തിന്റെ അലകടല്‍ തീര്‍ക്കുന്ന, പ്രേമമയമാക്കുന്ന സംഗീതം… അത് മനസ്സില്‍ ആരേയും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ രചിക്കും. അങ്ങനെ മനസ്സില്‍ വിരിയുന്ന ചിത്രങ്ങളെ അതേ ഭംഗിയോടെ ഏത് ചിത്രകാരനാണ് ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ടാവുക. സംഗീതവും ചിത്രങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് രാഗമാല ചിത്രങ്ങള്‍. രാഗങ്ങളെ ചിത്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യുകയാണ് ഇതിലൂടെ. ഇത്തരത്തിലൊരു ചിത്രരചനാ ശൈലിയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഒമ്പതാം നൂറ്റാണ്ടിലാണ് രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. രാഗങ്ങള്‍ രൂപപ്പെട്ട് വരുന്ന സമയത്ത് ഇന്ത്യന്‍ സംഗീതം ധ്രുപത് എന്നാണ് അറിയപ്പെട്ടിരുന്നത്. കൃതിയില്ല, പകരം ആലാപനമാണുണ്ടായിരുന്നത്. ഇത്തരത്തില്‍ സംഗീതത്തിന്റെ വിവിധ ഭാവങ്ങളെ നിറങ്ങളും ചിത്രങ്ങളുമാക്കി മാറ്റുകയാണ് ചെയ്യുക. സംഗീതത്തിലെ വിവിധ രാഗങ്ങള്‍ക്കൊപ്പം മനസ്സില്‍ രൂപം കൊള്ളുന്ന ചിത്രങ്ങളെ ഓരോ ചിത്രകാരനും അവന്റെ ഭാവനയ്ക്കനുസരിച്ച് ഒരു ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു. ആദ്യകാലങ്ങളില്‍ പനയോലയിലാണ് ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നത്.
പിന്നീട് വരയ്ക്കുന്നതിന്റെ തലങ്ങള്‍ മാറിയപ്പോഴും അത്ര വിശാലമല്ലാത്ത ക്യാന്‍വാസില്‍ അതിസൂക്ഷ്മ ഭാവങ്ങള്‍ പോലും ഒപ്പിയെടുത്തുകൊണ്ടാണ് അന്നത്തെ ചിത്രകാരന്മാര് തങ്ങളുടെ രചന പൂര്‍ത്തിയാക്കിയിരുന്നത്. പ്രമേയം പ്രണയമോ, പ്രകൃതിയോ, വിരഹമോ എന്ത് തന്നെയായാലും അതിസൂക്ഷ്മമായ സംഗതികള്‍പോലും ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.
പ്രധാനമായും രാധാകൃഷ്ണ പ്രണയവും ഋതുഭേദങ്ങളും ഒക്കെയായിരുന്നു ചിത്രങ്ങളുടെ പ്രമേയം. ചിത്രങ്ങളില്‍ പേര്‍ഷ്യന്‍ സ്വാധീനം പ്രകടമായിരുന്നു. സംഗീതത്തിലെ സാഹിത്യവും ചിത്രത്തിന് വിധേയമാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരോ ചിത്രകാരന്റേയും ഭാവനയില്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വിരിയാന്‍ തുടങ്ങി.
മനുഷ്യനും പ്രകൃതിയ്ക്കും സര്‍വ ചരാചരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള രചനാ സമ്പ്രദായമാണ് രാഗമാലികയുടേത്. രാധാകൃഷ്ണ പ്രണയമാണ് ഇതിവൃത്തമെങ്കില്‍ കൂടി, പശുക്കിടാവും മാന്‍പേടയും എന്തിനേറെ ഒരു പുല്‍നാമ്പ് പോലും ആ പ്രണയത്തില്‍ അലിഞ്ഞ് ചേരുന്നത് പോലും അത്രത്തോളം അഗാധമായി ചിത്രകാരന് ഒപ്പിയെടുത്തിട്ടുണ്ടായിരിക്കും.
രാഗം വസന്തമോ ഹിന്ദോളമോ മേഘമല്‍ഹാറോ എന്ത് തന്നെയായാലും അത് ആലപിക്കുന്നവര്‍ അവരുടെ ആലാപനത്തില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരുന്നത്പോലെ തന്നെയാണ് രാഗങ്ങള്‍ക്ക് ചിത്രഭാഷ്യം നല്‍കുന്നവരും ചെയ്യുന്നത്. മേഘമല്‍ഹാര്‍ രാഗത്തെയാണ് ഇവര്‍ വ്യാഖ്യാനം ചെയ്യുന്നതെങ്കില്‍ തികച്ചും വിഭിന്നമായ രീതിയിലായിരിക്കും ഓരോരുത്തരും ആവിഷ്കരിക്കുക. ഓരോ സാഹചര്യത്തില്‍ നിന്ന്, ഓരോ ദേശത്ത് നിന്ന് വരുന്ന ചിത്രകാരന്മാരായതിനാല് തന്നെ അവയുടെ സ്വാധീനം ചിത്രങ്ങളിലും പ്രകടമായിരിക്കും. മുഗള്‍ കാലഘട്ടത്തിലാണ് ഇത്തരം പെയിന്റിംഗുകള്‍ കൂടുതലായിട്ടുള്ളത്.
വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം തുടങ്ങി ആറ് ഋതുക്കളെ ആറ് രാഗങ്ങളിലൂടെയാണ് ചിത്രീകരിക്കുന്നത്. രാഗങ്ങള്‍ പുരുഷ ലിംഗത്തിലാണ് ഉള്‍പ്പെടുന്നത്. സ്ത്രീ ലിംഗത്തില്‍പ്പെടുന്നവ രാഗിണി എന്നും അറിയപ്പെടുന്നു. മേഘമല്‍ഹാര്‍ രാഗത്തെ മഴയുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ചിത്രകാരന്റെ ഭാവനയില്‍ തെളിയുക. അങ്ങനെ ഓരോ രാഗവും മനസ്സില്‍ ഉളവാക്കുന്ന ഭാവത്തെ ആധാരമാക്കി നാനാവര്‍ണങ്ങള്‍ക്കൊണ്ട് മനോഹരമായ ചിത്രമാക്കിമാറ്റുകയാണ് രാഗമാല പെയിന്റിങിലൂടെ.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: