സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം വര്‍ദ്ധിച്ചുവരുന്ന സമൂഹത്തില്‍ നിലവിലുള്ള സുരക്ഷാക്രമീകരണങ്ങളും നിയമങ്ങളും പ്രതീക്ഷിക്കുന്ന ഫലം തരുന്നില്ല എന്നതാണ് സത്യം. സമകാലീന വിപത്തുകളോട് പൊരുത്തപ്പെടുകയല്ല അതിനെ അതിജീവിക്കാനുള്ള കരുത്തുനേടുകയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. സ്ത്രീപുരുഷ സമത്വത്തിനായി നിലവിളിച്ചിരുന്ന ആധുനിക വനിതാവിമോചകപ്രവര്ത്തകര് പോലും സ്ത്രീപീഡനങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്ക്ക മുന്നില്‍ പകച്ചുനില്ക്കുമ്പോള് ശാരീരികവും മാനസികവുമായി പെണ്‍കുഞ്ഞുങ്ങളെ കരുത്തരാക്കുക എന്ന ആശയത്തിന് പ്രസക്തിയേറും. രാജ്യത്തെ ഏറ്റവും ശക്തമായ വനിതാസംഘടനകളില്‍ ഒന്നായ രാഷ്ട്രസേവികാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യം സഫലമാക്കാനുതകുന്നതാണ്.
ശാരീരികവും ബൗദ്ധികവുമായി പെണ്‍കുട്ടികള്‍ ഔന്നത്യം പുലര്‍ത്തണമെന്നും സാംസ്ക്കാരിക മൂല്യങ്ങളില്‍ ഊന്നിനിന്നാവണം അവരുടെ കാഴ്ച്ചപ്പാടെന്നും നിഷ്ക്കര്‍ഷിക്കുന്ന ഒരു വനിതാ സംഘടനയാണിത്. മാതൃരാജ്യത്തിനായി നിസ്വാര്‍ത്ഥ സേവനമെന്ന മന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ സമാന്തര സ്ത്രീസംഘടന. പീഡനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും കലികാലത്തില്‍ ശാരീരികമായ പ്രതിരോധശേഷിയും അചഞ്ചലമായ ആത്മവിശ്വാസവുമാണ് സേവികാസമിതിയിലെ പെണ്‍കുട്ടികളുടെ മുഖമുദ്ര. ആര്‍എസ്എസിന്റെ ശാഖകളിലെ കായിക പരിശീലനംപോലെ പെണ്‍കുട്ടികള്‍ക്കായും ശാഖകള്‍.
കേരളത്തില്‍ സജീവമല്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് രാഷ്ട്രസേവികാസമിതി. സ്ത്രീപീഡനങ്ങള്ക്കതിരെ പ്രഭാഷണവും സെമിനാറും പ്രകടനവും നടത്തി പ്രതികരിച്ചില്ലെങ്കിലും മാനസികവും ശാരീരികവുമായി ഇത്തരത്തിലുള്ള ദുര്‍ഗതികളെ നേരിടാന്‍ പ്രാപ്തമാകുന്ന ഒരു തലമുറയാണ് ഇവിടെ നിശബ്ദമായി വാര്ത്തെടുക്കപ്പെടുന്നത്.
അധികമാര്‍ക്കുമറിയാത്ത ഒരു ചരിത്രമാണ് രാഷ്ട്രസേവികാസമിതിയുടേത്. ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായ ലക്ഷ്മി ഭായ് കേള്‍ക്കര്‍ എന്ന വനിത ആര് എസ്എസിന് ഒരു വനിതാവിഭാഗമെന്ന ആവശ്യവുമായി സംഘസ്ഥാപകന് ഡോ. കേശവ ബല്‍റാം ഹെഡ്ഗേവാറിനരുകിലെത്തി. ഡോക്ടര്‍ജി ലക്ഷ്മിഭായിയുടെ ആവശ്യത്തിന്റെ അന്തസത്ത മനസ്സിലാക്കി ഇതേ ശൈലിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കുകയായിരുന്നു. അങ്ങനെ 1936 ഒക്ടോബര്‍ 25നായിരുന്നു രാഷ്ട്രസേവികാസമിതിയുടെ ഉദയം.
കുടുംബത്തിന്റെയും രാജ്യത്തിന്റെയും പ്രചോദകശക്തി സ്ത്രീകളാണ്. ഇവര്‍ ഉണരാതിരിക്കുന്നിടത്തോളം കാലം സമൂഹത്തിന് പുരോഗതിയുണ്ടാകുകയില്ല എന്ന ആഹ്വാനവുമായി ലക്ഷ്മി ഭായ് കേള്‍ക്കര്‍ സമൂഹത്തിലേക്കിറങ്ങുകയായിരുന്നു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ഊന്നി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വനിതാസംഘടനയാണ് ഇന്ന് രാഷ്ട്രസേവികാസമിതി. യോഗ, സമകാലീന, ആത്മീയ വിഷയങ്ങളിലെ ചര്‍ച്ച, ഗണഗീതങ്ങള്‍, മറ്റ് ശാരീരികമായ പരിശീലനങ്ങള്‍ തുടങ്ങിയവുമായി രാജ്യത്താകമാനമായി 5215 സെന്ററുകളിലായി സേവികാസമിത പ്രവര്‍ത്തിക്കുന്നു. ദരിദ്രരുടെയും അധ:സ്ഥിതരുടെയും ക്ഷേമത്തിനായി അഞ്ഞൂറോളം പദ്ധതികളും ഈ സംഘടനയുടെ കീഴിലുണ്ട്. ഏത് സ്ത്രീക്കും സമൂഹത്തില്‍ ഭാവാത്മകമായ വ്യത്യാസം വരുത്താന്‍ കഴിയുമെന്ന വിശ്വസിക്കുന്നു സേവികസമിതി. മാതൃത്വ- കര്‍ത്തൃത്വ- നേതൃത്വ ആശയങ്ങളിലൂന്നിയാണ് പ്രവര്‍ത്തനം.
സമത്വമെന്നതിന് ഇനിയും വിശദീകരിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞിട്ടില്ലാത്ത അര്‍ത്ഥതലങ്ങളില്‍ വ്യാഖ്യാനിക്കുന്ന സമകാലീന സമൂഹത്തില്‍ ആന്തരികമായ ഉണര്‍വ്വോടും കാഴ്ച്ചപ്പാടോടും പെണ്‍കുട്ടികള്‍ വളരുക എന്നത് അത്യന്തം ക്ലേശകരമാണ്. ഈ ആധി ഓരോ രക്ഷിതാക്കളുടെയും ഉള്ളില്‍ ഘനീഭവിക്കുമ്പോള്‍ സേവികാസമിതിയുടെ പ്രവര്‍ത്തനം കേരളത്തില്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കേണ്ടതുണ്ട്. മൂല്യവത്തായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന സ്വപ്നമുള്ള പെണ്‍കുട്ടികള്‍ അഭിമാനത്തോടെ സേവികാസമിതിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു വരുന്നുണ്ട്, ഒട്ടേറെപ്പേര്‍ ഇനിയും കടന്നുവരാനുമുണ്ട്. കാലങ്ങളായി പേറി നടക്കുന്ന അബലബോധത്തെ വലിച്ചെറിഞ്ഞ് സ്വയം ശക്തിയാര്‍ജ്ജിക്കുന്ന ഇവര്‍ക്ക് ആ ശക്തി എത്രയോ പേരിലേക്ക് പകരുവാനുമാകും. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്കൂള്‍ കോളേജ് കാമ്പസ്സുകളിലും സ്ത്രീശാക്തീകരണ യൂണിറ്റുകളെന്ന നിലയില്‍ സേവികാസമിതികളുടെ പ്രവര്‍ത്തനം വ്യാപിക്കുന്ന ദിവസങ്ങള്‍ അങ്ങനെ അനതിവിദൂരമാകണം.
കരാട്ടേ- തായ്ക്വാണ്ട പരിശീലനങ്ങള്‍ കേവലം ശാരീരികശക്തി മാത്രം പ്രദാനം ചെയ്യുമ്പോള്‍ യോഗയും രാഷ്ട്രഭക്തിഗാനങ്ങളും ചര്‍ച്ചകളുമായി സേവികാസമിതി മാനസികമായ പുത്തനുണര്‍വ് പ്രദാനം ചെയ്ത് ആത്മബോധവും ചിന്താശേഷിയുമുള്ള ശക്തിസ്വരൂപിണികളായ ഒരു തലമുറയെയാണ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം രാഷ്ട്രീയ-മത വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റ് സേവനപ്രവര്ത്തനങ്ങളിലുമായി സേവികാസമിതിയുടെ അംഗങ്ങള്‍ വളര്‍ന്ന് ഒരു രാജ്യത്തിന് തന്നെ മാതൃകയാവുകയും ചെയ്യും.
മറ്റ് സംസ്ഥാനങ്ങളില്‍ ശക്തമാകുന്ന സേവികാസമിതിക്ക് കേരളത്തില്‍ ഇനിയും ഒട്ടേറെ മുന്നേറാനുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നേതൃത്വത്തില്‍ നടന്നുവരുന്നു. സാക്ഷരതയിലും സംസ്ക്കാരത്തിലും അഗ്രിമമെന്ന് അഹങ്കരിക്കുന്ന കേരളത്തിന്റെ പൊള്ളത്തരങ്ങളിലൊന്നായി ലൈംഗികാതിക്രമങ്ങള്‍ പെരുകുമ്പോള്‍ സേവികാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയുണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മറ്റ് വനിതാസംഘടനകള്ക്കൊന്നും കൈവരിക്കാനാകാത്ത നേട്ടങ്ങളുമായി ഈ സംഘടന തടച്ചുവളരാനുള്ള എല്ലാ വളക്കൂറും കേരളത്തിലുണ്ട് താനും.
രതി.എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: