കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടായ കേരളം ക്രിക്കറ്റ് ദൈവത്തെ അഭിവാദ്യം ചെയ്യുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന് തെണ്ടുല്‍ക്കര്‍ക്കുള്ള പ്രണാമമായി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ പവലിയന് ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് എം.എസ്. ധോണി വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ പവലിയന് ഉദ്ഘാടനം ചെയ്യും. ചടങ്ങിനു ചാരുത പകരാന്‍ സിനിമ രംഗത്തു നിന്നുള്ള പ്രമുഖര്‍ എത്തും. സുരേഷ് ഗോപി, ജയറാം എന്നിവര്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലുള്ള അമ്മ ടീം നായകനായ മോഹന്‍ലാലും സിനിമസംവിധായകനായ പ്രിയദര്‍ശനും എത്തുമെന്നാണ് പ്രതീക്ഷയെന്ന് ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു.
പവലിയനില്‍ സജ്ജമാക്കുന്ന ആറടി നീളമുള്ള രണ്ടു ബാറ്റില്‍ ഇരു ടീമംഗങ്ങളും കൈയ്യൊപ്പു ചാര്‍ത്തും. സച്ചിന്റെ കൈയ്യൊപ്പോടെയുള്ള ബാറ്റും ജേഴ്സിയും പവലിയന്റെ പ്രത്യേകതയാണ്. വിഖ്യാത താരം ബ്രാഡ്മാന് സച്ചിന്റെ ബാറ്റില്‍ ഒപ്പിടുന്ന രംഗമുള്‍പ്പടെ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങള്‍ പവലിയനില്‍ സ്ഥാനം പിടിക്കും.
കൊച്ചിയില്‍ നടന്ന രണ്ടു ഏകദിനങ്ങളിലായി അഞ്ചു വിക്കറ്റ് നേടിയ സച്ചിന്റെ അപൂര്‍വ നിമിഷങ്ങളടങ്ങിയ ചിത്രങ്ങളും പവലിയനിലുണ്ടാകും. മുംബൈയിലെ അവസാനമല്‍സര ശേഷം കാണികളെ ഇരുകൈകളും ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്ന സച്ചിന്റെ സുന്ദരചിത്രവും പവലിയനിലെ സ്മരണകള്‍ക്ക് മിഴിവേകും. ജി.സി.ഡി.എ.യുടെ നേതൃത്വത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് സച്ചിന് പവലിയന് തുറക്കുന്നത്.
ജിസിഡിഎ, കെസിഎ എന്നിവയുടെ അടയാളം മുദ്രണം ചെയ്തിരിക്കുന്ന പവലിയനില്‍ വെള്ളിവര്ണങ്ങളില് ദൈവത്തിന്റെ സ്വന്തം നാട് ക്രിക്കറ്റിലെ ദൈവത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചവാദ്യം, വെടിക്കെട്ട് ഉള്‍പ്പടെ തനി കേരളീയ മാതൃകയില്‍ സച്ചിന് പവലിയന് നാടിനു സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: