കൊച്ചി: വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയ റാക്കറ്റ് നെട്ടൂരിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടത്തിവന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. കുണ്ടന്നൂരിലെ ലെ-മെറിഡിയന്‍ ഹോട്ടലിന് പിന്‍ഭാഗത്ത് കായലിനരികിലുള്ള ആല്‍ഫാ സെറീന്‍ എന്ന ബഹുനില ഫ്ലാറ്റിലാണ് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ പതിവായി ഒത്തുകൂടിയിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍എ) ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി.
ബുധനാഴ്ച നെട്ടൂരിലെ ആല്‍ഫ സെറീനിലെത്തിയ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നെബീലിന്റെ ഫ്ലാറ്റാണ് പരിശോധിച്ചത്. സ്വര്‍ണക്കടത്ത് റാക്കറ്റിലെ കണ്ണികളായ എയര്‍ഹോസ്റ്റസ് ഫിറോസാമാ പി. സെബാസ്റ്റ്യന്‍, കൂട്ടുകാരി റാഹിലാ ചീരായി എന്നിവര്‍ ഇവിടെയാണ് തങ്ങിയിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഈ ഫ്ലാറ്റില്‍ ഇവര്‍ സ്ഥിരം സന്ദര്‍ശകരാണെന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ പരിശോധനക്കെത്തിയ ഡിആര്‍ഡിഎ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ഇതിനിടെ ഇതേ ബഹുനില കെട്ടിടത്തില്‍തന്നെ മുഖ്യപ്രതി നെബിലിന് മറ്റൊരു ഫ്ലാറ്റുകൂടി ഉണ്ടെന്നറിവായി. ആദ്യം പരിശോധിച്ച ഫ്ലാറ്റ് ബുധനാഴ്ച സീല്‍ചെയ്തിരുന്നു. ഇതേ കെട്ടിടത്തിലെ ഒന്‍പതാം നിലയിലുള്ള രണ്ടാമത്തെ ഫ്ലാറ്റിലും ഡിആര്‍ഐഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവിടെനിന്നും ലഭിച്ചതായാണ് സൂചന.
കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരില്‍ ചിലരെ ചെന്നൈയിലേക്ക് വിളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എയര്‍ഹോസ്റ്റസ് ഫിറോസാമാ വി. സെബാസ്റ്റ്യനാണ് റാക്കറ്റിലേക്ക് എത്തുന്ന പെണ്‍കുട്ടികള്‍ക്കും മറ്റും പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കൊച്ചിയിലും ആസ്ഥാനമുള്ള ഐടി കമ്പനിയിലെ ജീവനക്കാരിയാണ് പിടിക്കപ്പെട്ട രാഹിലാ ചീരായി. ഈ ഐടി കമ്പനിയുടെ ഉടമകള്‍ക്ക് കള്ളക്കടത്തില്‍ പങ്കുള്ളതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
റാഹിലയുടെ സഹപ്രവര്‍ത്തകരായിരുന്ന കോഴിക്കോട് സ്വദേശിനി നജ്ജത് അന്‍സാരി, തലശ്ശേരി സ്വദേശിനി നജ്മ നൗഷാദ് എന്നീ രണ്ടുപേരെക്കുറിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് റാക്കറ്റാണ് കൊച്ചി, കോഴിക്കോട്, മുംബൈ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കസ്റ്റംസ്, ഡിആര്‍ഐ എന്നിവയിലെ ചില ഉന്നതരും രാഷ്‌ട്രീയ നേതൃത്വത്തിലെ പലരും റാക്കറ്റിന് ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്. നെട്ടൂരിലെതന്നെ മറ്റൊരു ഫ്ലാറ്റും കൊച്ചിയിലെ ഒരു വന്‍കിട ഹോട്ടലും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കള്ളക്കടത്തിന് ഒത്താശക്കാരായ പലരും വിമാനത്താവളങ്ങളില്‍ ഇപ്പോഴും സജീവമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: