മാഡ്രിഡ്: സ്പാനീഷ് ലീഗില്‍ ചാമ്പ്യന്‍ ബാഴ്സലോണയുടെ വിജയാശ്വത്തിനു തടയില്ല. റയല്‍ ബെറ്റീസിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നിലംപരിശാക്കി അവര്‍ മുന്നേറ്റം തുടര്‍ന്നു. പക്ഷേ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പേശിക്കു പരുക്കേറ്റപ്പോള്‍ ബാഴ്സയ്ക്കു മനസു തുറന്നു ചിരിക്കാനായില്ല. സീസണില്‍ ഇതു മൂന്നാം തവണയാണ് മെസിക്കു പരുക്കേല്‍ക്കുന്നത്.
ഇരുപകുതികളുടെയും തുടക്കത്തില്‍ കുറച്ച് ആധിപത്യം സ്ഥാപിച്ചെന്നത് മാറ്റിനിര്‍ത്തിയാല്‍ സ്വന്തം തട്ടകത്തില്‍ ബെറ്റീസിനു ബാഴ്സയ്ക്കെതിരെ കാര്യമായൊന്നും ചെയ്യാനായില്ല. മെസി പരുക്കേറ്റു പുറത്തായെങ്കിലും സന്ദര്‍ശകര്‍ തുരുതുരെ ഗോള്‍ വര്‍ഷിച്ചു. സെസ്ക് ഫാബ്രെഗസ് ഇരട്ട സ്ട്രൈക്കുകളുമായതിനു നേതൃത്വം നല്കി. ബ്രസീലിയന്‍ പ്രതിഭ നെയ്മര്‍, പെഡ്രോ എന്നിവര്‍ വിജയികളുടെ മറ്റു സ്കോറര്‍മാര്‍. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ഗെ മൊളീന ബെറ്റീസിന് ആശ്വാസം പകര്‍ന്നു.
മത്സരാരംഭത്തില്‍ മിന്നുന്ന നീക്കങ്ങള്‍ നടത്തിയ ബെറ്റീസ് ഗ്യാലറിയെയും എതിരാളികളെയും അതിശയിപ്പിച്ചു. മോളിനയുടെയും യുവാന്‍ കാര്‍ലോസിന്റെയും ഗോള്‍ ശ്രമങ്ങള്‍ വിഫലമാക്കിയ വിക്ടര്‍ വലാഡസ് ബാഴ്സയെ അത്യാഹിതങ്ങളില്‍ നിന്നു കാത്തു രക്ഷിച്ചെന്നു പറയാം. 20-ാം മിനിറ്റില്‍ മെസിയുടെ മടക്കം ബാഴ്സയ്ക്കു ഇരുട്ടടിയായി. എന്നാല്‍ ഉശിരന്‍ നീക്കങ്ങളിലൂടെ കറ്റാലന്‍ പട തിരിച്ചടിച്ചു. 36-ാം മിനിറ്റില്‍ ബെറ്റീസിന്റെ ഓഫ്സൈഡ് കെണിയെ അതിജീവിച്ച ഫാബ്രെഗസ് അലക്സ് സോങ്ങിന്റെ പാസ് പിടിച്ചെടുത്ത് നെയ്മര്‍ക്ക് മറിച്ചുനല്‍കി. നെയ്മറുടെ കൂള്‍ ഫിനിഷിങ്ങില്‍ ബാഴ്സ മുന്നില്‍ (1-0). പിന്നാലെ സ്വന്തം പകുതിയില്‍ നിന്നു പന്തുമായി കുതിച്ച പെഡ്രോ ബെറ്റീസ് ഗോളിയെ നിഷ്പ്രഭനാക്കി ടീമിന്റെ ലീഡ് ഉയര്‍ത്തി (2-0).
രണ്ടാം പകുതിയിലും നന്നായി തുടങ്ങിയതു ബെറ്റീസ് തന്നെയായിരുന്നു. നോനോയുടെ ക്ലോസ് റേഞ്ച് ഡ്രൈവ് പോസ്റ്റില്‍ തട്ടിയകന്നപ്പോള്‍ ബാഴ്സ ആരാധകര്‍ നെടുവീര്‍പ്പിട്ടു. എങ്കിലും ബെറ്റീസിന്റെ പ്രതിരോധ കോട്ടയില്‍ വിള്ളലുകള്‍ വീഴ്ത്തിയ ബാഴ്സ അപകട ഭീഷണിയുയര്‍ത്തി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച രണ്ട് അവസരങ്ങള്‍ നെയ്മര്‍ നഷ്ടപ്പെടുത്തിയതടക്കം പലതവണ ബാഴ്സ ഗോളിനടുത്തെത്തി. ഒടുവില്‍ 63-ാം മിനിറ്റില്‍ മൊണ്ടോയയുടെ പാസില്‍ ഫാബ്രെഗസ് വെടിപൊട്ടിച്ചു (3-0). പതിനഞ്ചു മിനിറ്റുകള്‍ക്കുശേഷം ഫാബ്രെഗസ് ഡബിള്‍ തികയ്ക്കുമ്പോള്‍ ജെറാഡോ മാര്‍ട്ടിനോയുടെ കുട്ടികള്‍ക്ക് ആധികാരിക ജയം. ഇതോടെ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള (34) പോയിന്റ് വ്യത്യാസം മൂന്നാക്കി മാറ്റാനും ബാഴ്സ (37)യ്ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: