കൊച്ചി: കുരുമുളകു വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. ഗാര്‍ബിള്‍ ചെയത കുരുമുളക് കിലോഗ്രാമിന് 500 രൂപ മറികടക്കാനൊരുങ്ങുന്നു. അമേരിക്കന്‍ വിപണിയില്‍ വില ടണ്ണിന് 8,600 ഡോളറിന് മുകളിലെത്തി.
ഗാര്‍ബിള്‍ ചെയ്തതിന് ഇന്നലെ മാത്രം ക്വിന്റലിന് 600 രൂപ കൂടി 49,900 രൂപയായി. ഗാര്‍ബിള്‍ ചെയ്യാത്തതിനു 47,900 രൂപ. കഴിഞ്ഞയാഴ്ച വില അല്പം കുറഞ്ഞതിനു ശേഷം ഈയാഴ്ച വില കുത്തനെ ഉയരുകയായിരുന്നു.
തണുപ്പുകാലമായതിനാല്‍ കുരുമുളക് പൊടിപ്പിക്കുന്നതിനും മറ്റും ആവശ്യം കൂടി. ഉല്പാദന കേന്ദ്രത്തില്‍ നിന്നു നികുതി ലാഭത്തിന്റെ പേരില്‍ കുരുമുളക് ഉത്തരേന്ത്യയിലേക്കു കയറ്റി അയയ്ക്കുന്നുണ്ട്. ആഗോള വിപണിയിലും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുന്നു.
ബ്രസീലില്‍ വിളവെടുപ്പു പൂര്‍ത്തിയാകുന്നു. 30,000 ടണ്ണില്‍ 20,000 ടണ്ണും വിറ്റുകഴിഞ്ഞു. ഇന്തൊനീഷ്യയില്‍ വിളവെടുപ്പു തുടങ്ങി. ചരക്കു വിപണിയിലെത്താന്‍ വൈകുകയാണ്.
വളരെ കുറച്ചു മാത്രമേ അവര്‍ വില്‍ക്കുന്നുള്ളൂ. ഉല്പാദനം മുന്‍ വര്‍ഷത്തെ 65,000 ടണ്ണിനെ അപേക്ഷിച്ച് 20,000 ടണ്‍ കുറയുമെന്നു കണക്കാക്കുന്നു. ഒന്നേകാല്‍ ലക്ഷം ടണ്‍ ഉല്പാദനമുള്ള വിയറ്റ്നാമിന് വില്ക്കാന് അധികം കുരുമുളകില്ല. അവര്‍ വില ടണ്ണിന് 8,100 ഡോളറിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഇനി അടുത്ത വിളവെടുപ്പ് ഇന്ത്യയിലാണ്. മുഖ്യ വിളവെടുപ്പു വര്‍ഷാവസാനത്തോടെ തുടങ്ങും. അച്ചാറിനും മറ്റും ഉപയോഗിക്കാനുള്ള പിഞ്ചു മുളക് വിപണിയിലെത്തിത്തുടങ്ങി.അതിശക്തമായ മഴ മൂലം ഉല്പാദനം ഇക്കുറി കുറവാകുമെന്ന ആശങ്കയുണ്ട്. മിനറല്‍ ഓയില്‍ ചേര്‍ത്തതിന്റെ പേരില്‍ എക്സ്ചേഞ്ച് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന 6,800 ടണ്ണോളം കുരുമുളക് വിളവെടുപ്പുകാലത്ത് പുറത്തിറക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.
അവധി വിപണിയില്‍ വിലയിലും കാര്യമായ മുന്നേറ്റമില്ല. നവംബര്‍ അവധി 49,200 രൂപയും ഡിസംബര്‍ അവധി 49,500 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് വില ടണ്ണിന് 8,000 ഡോളറിന് മുകളിലെത്തുന്നത് ഇതാദ്യമാണെന്നു കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടി. വെള്ള മുളകിന് (വൈറ്റ് പെപ്പര്‍) മാത്രമാണ് ഇതിനു മുന്‍പ് 8,600 ഡോളര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ അമേരിക്കയിലേക്ക് 8,600 ഡോളറിനും യൂറോപ്പിലേക്ക് 8,300 ഡോളറിനും കുരുമുളക് വില്‍ക്കുന്നു. അടുത്തയാഴ്ച വില വീണ്ടും കൂടിയേക്കുമെന്നാണു വിപണി നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: