ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ വര്‍ഗീയവാദിയെന്ന് വിളിച്ചതായി ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി. സ്വാതന്ത്ര്യാനന്തരം നൈസാം ആധിപത്യത്തിലായിരുന്ന ഹൈദരാബാദില്‍ സൈന്യത്തെ അയക്കണമെന്ന് അഭിപ്രായപ്പെട്ടതിനായിരുന്നു ഈ വിശേഷണമെന്നും അദ്വാനി പറഞ്ഞു. കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എംകെകെ നായരുടെ ‘ആരോടും പരിഭവമില്ലാതെ’ എന്ന പുസ്തകം പരാമര്‍ശിച്ച് അദ്വാനി ഇക്കാര്യം തന്റെ ബ്ലോഗില്‍ കുറിക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ നടത്തിയ പോലീസ് നടപടിക്ക് മുമ്പ് മന്ത്രിസഭായോഗത്തില്‍ പട്ടേലും നെഹ്റുവും തമ്മില്‍ നടത്തിയ ശക്തമായ വാക്പോരിനെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാക്കിസ്ഥാനെ അനുകൂലിക്കുന്ന നൈസാം അവിടേക്ക് ഒരു രഹസ്യദൂതനെ അയച്ച് സര്‍ക്കാരിന് വന്‍തുക നല്‍കിയിരുന്നു. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത പട്ടേല്‍ സൈന്യത്തെ അയച്ച് ഹൈദരാബാദിലെ അക്രമത്തന് അറുതി വരുത്തണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. പൊതുവേ ശാന്തനായ നെഹ്റു ഇതുകേട്ടതോടെ അസഹിഷ്ണതയോടെ പട്ടേലിനെ എതിര്‍ക്കുകയും താങ്കള്‍ തികഞ്ഞ വര്‍ഗീയവാദിയാണെന്നും ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതായും നായരുടെ പുസ്തകത്തെ ഉദ്ധരിച്ച് അദ്വാനി പറഞ്ഞു. നെഹ്റുവിനോട് പ്രതികരിക്കാതെ പട്ടേല്‍ തന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുമായി മുറിവിട്ട് പോകുകയായിരുന്നെന്നും ബ്ലോഗില്‍ അദ്വാനി വിശദീകരിക്കുന്നു.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയുടെ വിധിയും മുഖവും മറ്റൊന്നാകുമായിരുന്നെന്ന് അടുത്തിടെ നടന്ന ഒരു പൊതുസമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇന്ത്യക്കാവശ്യം പട്ടേലിന്റെ മതേതരത്വമാണെന്നും വോട്ട് ബാങ്ക് മതേതരത്വമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് വിവാദമായതോടെ പട്ടേലിനെച്ചൊല്ലി അവകാശവാദവുമായി കോണ്‍ഗ്രസും രംഗത്തുവന്നു. പട്ടേലിന്റെ സംഭാവനകള്‍ അവഗണിച്ച് ഗാന്ധി കുടുംബത്തിന് സ്തുതി പാടുകയാണ് കോണ്‍ഗ്രസ് പില്ക്കാലത്ത് ചെയ്തതെന്ന് ബിജെപിയും ചൂണ്ടിക്കാട്ടുകയുണ്ടായി.
ഹൈദരാബാദിലെ സ്ഥിതിഗതികള്‍ സങ്കീര്ണ്ണമായതിനെത്തുടര്ന്ന് ഗവര്‍ണര്‍ ജനറല്‍ രാജാജി പട്ടേലും നെഹു്റുവുമായി രാഷ്ട്രപതി ഭവനില്‍ ചര്‍ച്ച നടത്തി. മീറ്റിംഗില്‍ ഹൈദരാബാദില്‍ 70 വയസ്സുള്ള കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അയച്ച കത്ത് രാജാജി കൈവശം സൂക്ഷിച്ചിരുന്നു. പട്ടേലിന്റെ അടുത്ത അനുയായി വി.പി.മേനോനാണ് ഈ കത്ത് രാജാജിക്ക് നല്‍കിയത്. ഹൈദരാബാദിലെ സ്ഥതി മോശമാകുകയാണെന്നും ഉടന്‍ നടപടിവേണമെന്നും രാജാജി ചൂണ്ടിക്കാണിച്ചപ്പോള്‍ നെഹ്റു അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള തിരിച്ചടിയെക്കുറിച്ച് ആശങ്കാകുലനായി നിശ്ശബ്ദനാകുകയായിരുന്നത്രെ. ഈ സമയം നോക്കി രാജാജി ബ്രീട്ടീഷ് ഹൈക്കമ്മീഷണറുടെ കത്ത് അദ്ദേഹത്തിന് നല്‍കുകയായിരുന്നെന്നും കത്ത് വായിച്ച നെഹ്റു അല്പസമയം പോലും പാഴാക്കാനില്ലെന്നും അവരെ പാഠം പഠിപ്പിക്കണമെന്നും പറഞ്ഞ് നടപടിക്ക് ഒരുങ്ങുകയായിരുന്നെന്നും അദ്വാനി എംകെകെ നായരുടെ പുസ്തകം അടിസ്ഥാനമാക്കി ബ്ലോഗില്‍ വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: