നവംബര്‍ പത്തുമുതല്‍ ശ്രീലങ്കയില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ യോഗം നടക്കുകയാണ്. നാറ്റോ, ജി-7, ജി-20 തുടങ്ങിയ അന്താരാഷ്ട്ര കൂട്ടായ്മകളോട് താരതമ്യം ചെയ്യുമ്പോള്‍ കോമണ്‍വെല്‍ത്ത് ദുര്‍ബലമായ ഒരു കൂട്ടായ്മയാണ്. ബ്രിട്ടനും അതിന്റെ മുന്‍ കോളനിരാജ്യങ്ങളുമാണ് കോമണ്‍വെല്‍ത്ത് പങ്കാളികള്‍. ബ്രിട്ടനും ആസ്ത്രേലിയയും ഒഴിവാക്കിയാല്‍ പിന്നെയെല്ലാം മൂന്നാംലോക രാജ്യങ്ങള്‍. 54 രാജ്യങ്ങള്‍ അംഗങ്ങളാണെങ്കിലും വന്‍ശക്തികള്‍ ഒന്നുമില്ലാത്തതിനാല്‍ അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ കോമണ്‍വെല്‍ത്തിന് കാര്യമായ പങ്കൊന്നുമില്ല. പക്ഷെ ഇത്രയധികം ലോകരാജ്യങ്ങള്‍ ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയെ അവഗണിക്കാനാകില്ല.
ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ ഇന്ത്യ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ സര്ക്കാര്ഇനിയും വ്യക്തമായൊരു തീരുമാനമെടുത്തിട്ടില്ല. ഭരണത്തലവന്മാരുടെ യോഗമായതുകൊണ്ട് പങ്കെടുക്കേണ്ടത് പ്രധാനമന്ത്രി മന്മോഹന് സിംഗാണ്. ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹവുമുണ്ട്. പക്ഷേ സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരു വിഭാഗം പ്രധാനമന്ത്രി പോകണ്ട എന്ന നിലപാടിലാണ്. ശ്രീലങ്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ അത് ഇന്ത്യയിലെ തമിഴ് ജനതയെ കോണ്ഗ്രസിനെതിരാക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ജയലളിത ബിജെപിയോടൊപ്പമോ മൂന്നാം മുന്നണിക്കാര്ക്കൊപ്പമോ എന്ന് ഇനിയും കൃത്യമായി വെളിപ്പെട്ടിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു കാര്യം ഉറപ്പാണ്. ഡിഎംകെയെക്കൂടി പിണക്കിയാല്‍ ഇനി തമിഴ്നാട്ടില്‍ കാലുകുത്താന്‍ പാര്ട്ടിക്കാകില്ല.
ടുജി സ്പെക്ട്രം കേസില്‍ കനിമൊഴിയെ പിടിച്ച് ജയിലിലിട്ടതിനും എ രാജയെ മാത്രം കുറ്റക്കാരനാക്കിയതിനും ഡിഎംകെയെ തള്ളിപ്പറഞ്ഞതിനുമൊന്നും കരുണാനിധി കോണ്‍ഗ്രസിന് ഇതുവരെ മാപ്പു നല്‍കിയിട്ടില്ല. എങ്കിലും ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കേന്ദ്രത്തില്‍ തങ്ങള്‍ക്ക് ഒരു പിടിപാടുണ്ടാകുന്നത് നല്ലതാണെന്ന് ബുദ്ധിമാനായ കരുണാനിധിക്കറിയാം. അതുകൊണ്ട് പരസ്യമായി ഇനിയും കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ ധൈര്യവുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരസ്പരം സഹകരിച്ചു നില്‍ക്കുന്നതാണ് ഉചിതമെന്ന് ഇരുകൂട്ടരും താത്പര്യപ്പെടുന്നുവെന്ന് വേണം കരുതാന്‍. തമിഴ് വംശ ഹത്യയുടെ പേരില്‍ ആരോപണ വിധേയനായ മഹീന്ദ രാജ്പക്സെ നയിക്കുന്ന ശ്രീലങ്കയില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തില്‍ നഷ്ടക്കച്ചവടമാകുമെന്നാണ് ആ പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടു തന്നെ മന്മോഹന് സിംഗിന് പോകണമെന്ന് ആഗ്രഹിച്ചാലും ലങ്കയില്‍ കോമണ്‍ വെല്‍ത്ത് സമ്മേളനത്തിന് പോകാനാകുമെന്ന് തോന്നുന്നില്ല. രാജ്യ താത്പര്യത്തേക്കാള്‍ വലുതാണ് കോണ്‍ഗ്രസിന് എന്നും അവരുടെ പാര്‍ട്ടി താത്പര്യങ്ങള്‍.
ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ മേഖലകളില്‍ സഹകരണം വളര്‍ത്താനും കഴിയുന്ന ഒരു അന്താരാഷ്ട്ര വേദിയാണ് കോണ്‍ഗ്രസിന്റെ സങ്കുചിത രാഷ്ട്രീയം വഴി നഷ്ടമാകുന്നത്. ഇക്കുറി ഭരണ രംഗത്തെ ജനാധിപത്യ പരിഷ്കരണ സാധ്യതകളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് രാജ്യത്തിന് ഗുണകരമല്ല എന്ന് കോണ്‍ഗ്രസിനും അറിയാം. വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ അയച്ച് പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഭരണഘടനയനുസരിച്ച് ഭരണത്തലവന് പ്രധാനമന്ത്രിയാണ്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആലങ്കാരിക ഭരണാധികാരികള്‍ മാത്രമാണ്. പ്രധാനമന്ത്രിക്ക് പകരം ഉപരാഷ്ട്രപതിയെ അയക്കുന്നത് രണ്ടു പദവികളോടുംകാണിക്കുന്ന അനാദരവാണ്. അതിലുമേറെ അനൗചിത്യവുമാണ്. പക്ഷേ കോണ്‍ഗ്രസിന് ഇതൊരു പ്രശ്നമല്ല.
പ്രധാനമന്ത്രി ലങ്കയിലേക്കില്ല എന്നു കരുണാനിധിയെക്കണ്ട് ബോധിപ്പിക്കാന്‍ ധനകാര്യ മന്ത്രി ചിദംബരം ചെന്നൈയിലെത്തി. രണ്ടാം യുപിഎ സര്‍ക്കാരിനുള്ളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭിന്നതയുടെ വ്യക്തമായ സൂചന കൂടിയാണിത്.
രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാകുന്നത്. ഒന്ന് നമ്പര്‍ പത്ത് ജനപഥിലെ മാഡത്തിന് മന്മോഹന് സിംഗിനെ ഇനി ആവശ്യമില്ല എന്നത്. അടുത്തത് രണ്ടാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാന്‍ മന്‍മോഹനോളമോ അതിലേറെയോ കഴിവുള്ളവര്‍ വേറെയുണ്ടായിരുന്നിട്ടും താങ്കളെ ആ സ്ഥാനത്തു നിയോഗിച്ചത് വിധേയനായിരിക്കുമെന്ന് കരുതിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ ചിദംബരം കരുതുന്നത് മന്മോഹന് സിംഗിനേക്കാള്‍ ആ സ്ഥാനത്തിനു യോജിച്ചയാള്‍ താനായിരുന്നുവെന്നാണ്. കൂടുതല്‍ വിധേയന് താനായിരിക്കുമെന്ന് മാഡത്തിനെ ബോധ്യപ്പെടുത്താനും പാവം ആവതു ശ്രമിച്ചു. സ്വയം യോഗ്യനാണെന്നു കരുതിയിരുന്ന മറ്റൊരാള്‍ പ്രണബ് മുഖര്‍ജിയാണ്. അദ്ദേഹത്തെ രാഷ്ട്ര പതിയാക്കിയതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. രാഹുലിന്റെ സാധ്യതകള്‍ ഇനിയും തെളിയാത്ത സാഹചര്യത്തില്‍ മാഡം പുതിയ വിധേയനെ തേടുന്നുവെന്ന സൂചനയുണ്ട് ചിദംബരത്തിന്റെ ദൗത്യത്തില്‍. അത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്. മന്മോഹന് സിംഗിന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നെഹ്റു കുടുംബത്തിനു പുറത്തു നിന്ന് പ്രധാനമന്ത്രിക്കസേരയിലെത്തിയ മേറ്റ്ല്ലാ കോണ്‍ഗ്രസ് നേതാക്കളെയും പോലെ അപമാനിതനായി അദ്ദേഹം പടിയിറങ്ങാന്‍ പോവുകയാണ്.
പ്രധാനമന്ത്രിയായിരിക്കെത്തന്നെ ഇത്രയധികം അപമാനവും തിരസ്കരണവും സഹിക്കേണ്ടി വന്നിട്ടില്ല നരസിംഹറാവുവിനും ശാസ്ത്രിക്കും. അവരെ ചരിത്രത്തിന്റെ ഇരുണ്ട മൂലകളിലേക്ക് മാറ്റിയത് റാവുവിന്റെ ഭരണ ശേഷവും ശാസ്ത്രിയുടെ മരണ ശേഷവുമാണ്. എന്നാലിതാ മന്മോഹന് സിംഗ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അധികാരക്കസേരയിലിരിക്കവെ തന്നെ അപമാനിതനും ബന്ധിതനുമായി തലകുനിച്ച് പടിയിറങ്ങുന്നു. അടുത്ത പൊതു തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാവി എന്തായാലും മന്‍മോഹന്‍സിംഗിന്റെ ഭാവി വ്യക്തമാണ്. ഇനി ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടാത്തവണ്ണം അദ്ദേഹത്തിന്റെ ഓര്‍മ്മകളെപ്പോലും പാര്‍ട്ടി തമസ്കരിക്കും.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: