കൊല്‍ക്കത്ത: സച്ചിന് ടെന്‍ഡുല്‍ക്കറെന്ന മഹാരഥന്റെ ക്രിക്കറ്റ് കരിയറിലെ അവസാന രണ്ടു മത്സരങ്ങളില്‍ ആദ്യത്തേതിനു ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ പോരാട്ടത്തിനു ഇന്ത്യയും വെസ്റ്റിന്‍ഡീസും ഈഡന് ഗാര്‍ഡനില്‍ ഇറങ്ങുമ്പോള്‍ കോടാനുകോടി ആരാധകരുടെ മനസ് സച്ചിനൊപ്പം. ടീമുകള്‍ തമ്മിലെ ബലാബലത്തിലും സ്ഥിതിവിവരക്കണക്കുകളുമൊന്നുമല്ല സച്ചിന്റെ സ്കോറിലാവും അവരുടെ കണ്ണ്. ഈഡനില്‍ സച്ചിന് ആരാധക സഹസ്രത്തിന് എന്തു സമ്മാനമാവും കരുതിവച്ചിരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്കയായ ഈഡന് ഗാര്‍ഡനോടുള്ള സച്ചിന്റെ പ്രണയത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1993ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈഡനിലെ സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്നുമുതല്‍ ഇന്നുവരെ ഇവിടത്തെ ഒരൊറ്റ മത്സരം പോലും സച്ചിന് നഷ്ടപ്പെട്ടിട്ടില്ല.
ചരിത്ര പ്രസിദ്ധമായ ഈ കളത്തിലെ മാസ്റ്ററുടെ 13-ാം ടെസ്റ്റാണ് ഇന്നാരംഭിക്കുന്നത്. 13 ഏകദിനങ്ങളിലും സച്ചിന് ഈഡനില്‍ പാഡു കെട്ടിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരവും മറ്റാരുമല്ല.
12ടെസ്റ്റുകളില്‍ നിന്ന് 862 റണ്‍സുകള്‍ ക്രിക്കറ്റിന്റെ പൂന്തോട്ടത്തില്‍ നിന്ന് സച്ചിന്റെ സമ്പാദിച്ചിട്ടുണ്ട്. 13 എകദിനങ്ങളിലെ 496 റണ്‍സുകള്‍ കൂടി ചേരുമ്പോള്‍ ഈഡനിലെ അന്താരാഷ്ട്ര റണ്‍സുകളുടെ കാര്യത്തിലും സച്ചിന് ഒന്നാമനാകുന്നു. ഇതൊക്കെയാണെങ്കിലും രണ്ടു ബൗളിങ് പ്രകടനങ്ങളുടെ പേരിലാവും ഈഡനിലെ ഗ്യാലറി എന്നും സച്ചിനെ ഓര്‍ക്കുക. 1993ലെ ഹീറോ കപ്പ് സെമിയില്‍ അവസാന ഓവര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനില്‍ നിന്നു ചോദിച്ചു വാങ്ങിയ സച്ചിന് സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ഇന്ത്യയെ മൂന്നു റണ്‍സിന്റെ അവിസ്മരണീയ ജയത്തിലേക്കു നയിച്ചു. 2001ല്‍ വിവിഎസ് ലക്ഷ്മണ് (281), രാഹുല്‍ ദ്രാവിഡ് (180) ഹര്ഭജന് (13 വിക്കറ്റുകള്‍) എന്നിവരുടെ പ്രകടന മികവില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഐതിഹാസിക ജയം കുറിച്ചപ്പോള്‍ ബാറ്റു കൊണ്ടു മോശമാക്കിയെങ്കിലും പന്തിനാല്‍ സച്ചിന് ഇന്ദ്രജാലം കാട്ടി. കങ്കാരുപ്പടയുടെ രണ്ടാം ഇന്നിങ്ങ്സില്‍ മാത്യു ഹെയ്ഡനെയും (67) ആദം ഗില്ക്രിസ്റ്റിന്യും (0), നിതാന്ത വൈരി ഷെയ്ന് വോണിനെയും (0) വിഴ്ത്തിയ സച്ചിന് ഓസീസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഈഡനിലെ ദുരന്തം എന്നു വിശേഷിക്കപ്പെടുന്ന 1996 ലോകകപ്പ് സെമിയിലെ സച്ചിന്റെ കളിയും കൊല്‍ക്കത്തയിലെ കാണികള്‍ മറക്കാനിടയില്ല ശ്രീലങ്ക മുന്നില്‍വച്ച 252 റണ്‍സ് വിജയ ലക്ഷ്യം തേടിയ ഇന്ത്യ എട്ടുവിക്കറ്റിന് 120 എന്ന നിലയില്‍ കൂപ്പുകുത്തി. കുപിതരായ കാണികള്‍ ഗ്യാലറി തീയിട്ടു. ഒടൂവില്‍ മത്സരം ലങ്ക ജയിച്ചതായി പ്രഖ്യാപനം വന്നു. 65 റണ്‍സുമായി ക്രിസില്‍ നിന്ന സച്ചിന്റെ പുറത്താകലാണ് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയിലേക്ക് നയിച്ചത്. സച്ചിന് ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നെന്നു ഇന്നും വിശ്വസിക്കുന്നവര്‍ കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: