ധാക്കാ: 2009ലെ സൈനിക കലാപത്തിനിടെ 57 സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 74 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ 152 സൈനികരെ വധശിക്ഷയ്ക്ക് വിധിച്ചു. 157 പേരെ ജീവപര്യന്തം തടവിനു വിധിച്ച കോടതി 271 പേരെ തെളിവില്ലാത്തതിന്റെ പേരില്‍ വിട്ടയച്ചു. അതിര്‍ത്തിരക്ഷാ സേനയിലെ സൈനികരാണ് ശിക്ഷിക്കപ്പെട്ടത്.
സൈനികര്‍ ചെയ്ത കൃത്യം മാപ്പര്‍ഹിക്കാത്തത് ആണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതിക്രൂരമായ പീഡനങ്ങളാണ് നടത്തിയതെന്നും മൃതദേഹങ്ങള്‍ക്ക് ലഭിക്കേണ്ട ആദരവ് പോലും നല്‍കിയില്ലെന്നും വിലയിരുത്തി. ധാക്കാ മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജി എം.ഡി മുഹമ്മദ് അക്തര്‍ ഉസ്മാനാണ് വിധി പ്രസ്താവിച്ചത്.
ബംഗ്ലാദേശ് റൈഫിള്‍സ് ആസ്ഥാനത്താണ് കലാപം ആരംഭിച്ചതെങ്കിലും പിന്നീട് അത് വ്യാപിക്കുകയായിരുന്നു. കലാപത്തിനിടെ 57 സൈനിക ഉദ്യോഗസ്ഥരുള്‍പ്പടെ 74 പേരെ കലാപത്തില്‍ തൂക്കി കൊല്ലുകയും ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നു. കേസില്‍ 846 പേരാണ് പ്രതിചേര്‍ക്കപ്പെട്ടത്. ഇന്നത്തെ വിധിയോടെ കേസ് പൂര്‍ത്തിയായി. ഇത്ര വലിയ വിചാരണ ഒറ്റയടിക്ക് നടത്തുന്ന ബംഗ്ലാദേശിന്റെ നടപടിയെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു.
2009ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓഫീസ് ചുമതലയേറ്റ് രണ്ടു മാസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 25,26 തീയതികളിലാണ് സൈനിക കലാപം രാജ്യത്തുണ്ടായത്. അതിര്‍ത്തി രക്ഷാ സേനയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യം തീരുമാനിച്ചുവെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍ മൂലം തടയുകയായിരുന്നു. ഇതേ ചൊല്ലി സര്‍ക്കാരും സൈന്യവുമായി അസ്വാരസ്യവും ഉടലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: