ബംഗളൂരു: ഇന്ന് ഇന്ത്യക്കും ഓസ്ട്രേലിയക്കും ജീവന്മരണപോരാട്ടം. ഇന്ന് ആരുജയിച്ചാലും പരമ്പര അവര്‍ക്ക് സ്വന്തം. അതിനാല്‍ തന്നെ ഇന്നത്തെ നിര്‍ണായക മത്സരത്തിന് വീറും വാശിയും കൂടും. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും പോരാട്ടത്തിനാണ് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പര നിര്‍ണ്ണയിക്കുന്ന പോരാട്ടം നടക്കുക. ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് 2-2ന് തുല്യനിലയിലാണ്. രണ്ട് മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോയിരുന്നു. റാഞ്ചിയില്‍ നടന്ന നാലാം മത്സരവും കട്ടക്കില്‍ നടന്ന അഞ്ചാം മത്സരവുമാണ് മഴയത്ത് ഒലിച്ചുപോയത്. ഓസ്ട്രേലിയ ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ രണ്ടാമത്തെയും ആറാമത്തെയും കളികളാണ് വിജയിച്ചത്. ഈ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറാണ് ഇന്ത്യ പിന്തുടര്ന്ന് വിജയിച്ചത്. ജയ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 359 റണ്‍സും ആറാം ഏകദിനത്തില്‍ 350 റണ്‍സുമാണ് ഇന്ത്യ പിന്തുടര്ന്ന് മറികടന്നത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പിന്തുടര്ന്ന് മറികടക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറായിരുന്നു ജയ്പൂരിലേത്.
കഴിഞ്ഞ നാഗ്പൂര്‍ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നത്തെ നിര്‍ണായകപോരാട്ടത്തിന് കച്ചമുറുക്കുന്നത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ആറാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. എന്നാല്‍ പരമ്പരയില്‍ വിരാട് കോഹ്ലിയുടെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. കൂടാതെ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 17 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന ബഹുമതിയും കോഹ്ലിക്ക് കഴിഞ്ഞ മത്സരത്തിലൂടെ സ്വന്തമായി. 112 ഇന്നിംഗ്സില്‍ നിന്നാണ് കോഹ്ലി ഈ ബഹുമതി സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയോടെ കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്ലി 1000 റണ്‍സ് പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കോഹ്ലി ഈ നേട്ടം കൈവരിക്കുന്നത്. അതേസമയം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. ഒരു മത്സരത്തില്‍ മികച്ച ഫോമിലേക്കുയര്‍ന്നാല്‍ അടുത്ത മത്സരത്തില്‍ ദയനീയമായി പരാജയപ്പെടുന്നുണ്ട്. ക്യാപ്റ്റന്‍ ധോണി ഫോമിലാണെങ്കിലും സുരേഷ് റെയ്നയും യുവരാജ് സിംഗും ഇനിയും താളം കണ്ടെത്താത്തും ഇന്ത്യന്‍ ബാറ്റിംഗ്നിരയെ ആശങ്കയിലാക്കുന്നുണ്ട്. ഓള് റൗണ്ടര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയും ഇതുവരെ അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. എന്നാല്‍ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷാമിയും മികച്ച ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവെക്കുന്നണ്ട്. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.
മറുവശത്ത് ഒാസ്ട്രേലിയന്‍ താരങ്ങള്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ഹ്യൂഗ്സും ഫിഞ്ചും ഭേദപ്പെട്ട തുടക്കമാണ് ടീമിന് നല്‍കുന്നത്. തുടര്‍ന്ന് ക്രീസിലെത്തുന്ന വാട്സണും ഫോമിലാണ്. ക്യാപ്റ്റന്‍ ബെയ്ലിയാകട്ടെ ഇന്ത്യക്ക് വന്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മുന്‍നിര പരാജയപ്പെട്ടാലും ടീമിനെ ഒറ്റക്ക് ചുമലിലേറ്റാന്‍ കഴിയുന്ന ബെയ്ലി ക്യാപ്റ്റന്‍ സ്ഥാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മാക്സ്വെല്ലും വോഗ്സും അവസരത്തിനൊത്ത് ഉയര്‍ന്ന് മികച്ച പ്രകടനം നടത്തുന്നു. ബൗളിംഗ് നിരയും കരുത്തുറ്റതാണ്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച മിച്ചല്‍ ജോണ്സണ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇന്ന് കളിക്കില്ല. ആഷസ് പരമ്പരക്കുള്ള തയ്യാറെടുപ്പിനായാണ് ജോണ്സണ് നേരത്തെ നാട്ടിലേക്ക് മടങ്ങിയത്. ജോണ്സണ് കളിക്കില്ലെന്ന് ടീം മാനേജര്‍ പാറ്റ് ഹോവാര്‍ഡ് അറിയിച്ചു. പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ജോണ്സണ് കാഴ്ച്ചവെച്ചത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതും ജോണ്സണ് തന്നെയാണ്.
ജോണ്‍സന്റെ അഭാവം ഓസ്ട്രേലിയന്‍ ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇന്ത്യ ഈ അവസരം കൃത്യമായി ഉപയോഗിച്ചാല്‍ വിജയം ഇന്ത്യക്കൊപ്പം നില്ക്കും. ജോണ്സണ് പകരം കള്‍ട്ടര്‍ നീലായിരിക്കും കളത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: