ലക്നൗ: സന്യാസിയുടെ സ്വപ്നദര്‍ശനത്തിനു പിന്നാലെപോയ പുരാവസ്തു വകുപ്പ് കുഴിച്ചെടുത്തത് നിരാശയുടെ ഓട്ടപ്പാത്രങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുള്ള രാജ റാവു റാം ബക്സ് സിംഗ് കോട്ടയിലെ സ്വര്‍ണക്കൂമ്പാരം കണ്ടെത്താന്‍ അവര്‍ക്കായില്ല. രണ്ടാഴ്‌ച്ചയോളം നീണ്ട ഖനനം അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ബുദ്ധകാലഘട്ടത്തിലെ ചില മണ്‍പാത്രങ്ങളുടെ കഷ്ണങ്ങള്‍ മാത്രമേ ഭഗീരഥ പ്രയത്നത്തിനിടെ ഗവേഷക സംഘത്തിനു ലഭിച്ചുള്ളു.
കോട്ടയില്‍ നിധിയില്ലെന്ന് ആര്‍ക്കിയോളജിക്കില്‍ സര്‍വെ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി വകുപ്പുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട രാജ റാം ബക്സ് സിംഗ് കോട്ടവളപ്പില്‍ 1,000 ടണ്‍ സ്വര്‍ണം മറഞ്ഞുകിടക്കുന്നതായി സ്വപ്നം കണ്ടെന്നു പറഞ്ഞ് സന്യാസിയായ ശോഭന്‍ സര്‍ക്കാര്‍ ഒക്ടോബര്‍ 18നാണ് രംഗത്തെത്തിയത്. സ്വപ്നം സത്യമായാല്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരമാകുമെന്ന് കാട്ടി ശോഭന്‍ പ്രധാമന്ത്രിക്കു കത്തെഴുതി. തുടര്‍ന്ന് തന്റെ അവകാശവാദങ്ങളുമായി ഒരു കേന്ദ്ര സഹമന്ത്രിയെയും സന്യാസി കണ്ടു. പിന്നാലെ പുരാവസ്തു വകുപ്പ് ഖനനത്തിനു ഒരുമ്പെട്ടിറങ്ങുകയായിരുന്നു.
ഉത്തര്‍ പ്രദേശിലെ പലഭാഗങ്ങളിലും സ്വര്‍ണ ശേഖരമുണ്ടെന്നും ശോഭന്‍ പ്രഖ്യാപിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട ചിലര്‍ നിധി തേടി ക്ഷേത്ര പരിസരങ്ങളിലും കോട്ടവളപ്പിലും നിയമവിരുദ്ധമായി ഖനനം ആരംഭിച്ചതും അധികൃതര്‍ക്കും പൊതുജനത്തിനും തലവേദന സൃഷ്ടിച്ചു.
ഒരാളുടെ സ്വപ്നത്തിന്റെപേരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്വര്‍ണ ഖനനം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന കോടികളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള നാടകമാണ് ഖനനമെന്നും അദ്ദേഹം ആരോപിച്ചു.
















