തിരുവനന്തപുരം:കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. കോണ്‍ഗ്രസിലെ ഐ വിഭാഗം ഗണേശിനെ മന്ത്രിയാക്കുന്നതിനെതിരെ രംഗത്തിറങ്ങി. ഇതോടെ ഗണേശിന്റെ മന്ത്രിസ്ഥാനം പുതിയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. എന്നാല്‍ ഗണേശിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കത്തു നല്കി. ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ അറിവോടെയാണ് കെ.പി. അനില്‍കുമാറിന്റെ നീക്കം. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന ആരോപണം ഐ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ദേശീയ നേതാക്കളെ സന്ദര്‍ശിച്ച രമേശ് ചെന്നിത്തലയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഐ ഗ്രൂപ്പിന്റെ നീക്കം മുന്നില്‍ കണ്ടാണ് ഗണേശിന്റെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ വാസ്തവമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നടിച്ചത്.
ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുത്താല്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം. ഗണേഷ്കുമാറിനെ മന്ത്രിയാക്കിയാല്‍ ഗുണദോഷങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കുമെന്ന കെ.മുരളീധരന്റെ പ്രസ്താവനയും ഐ ഗ്രൂപ്പിന്റെ നിലപാടു വ്യക്തമാക്കുന്നുണ്ട്. കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്നു കേരള കോണ്‍ഗ്രസ് ബി നേതൃത്വം മുന്നണിക്കു കത്തു നല്‍കിയിരുന്നു. അഞ്ചു മാസങ്ങള്‍ക്കു മുമ്പ് നല്കിയ കത്ത് യുഡിഎഫ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച ചര്‍ച്ചകളൊന്നും മുഖ്യമന്ത്രി നടത്തിയിരുന്നില്ല. മന്ത്രിസഭയിലെ ഒഴിവു നികത്തണമെന്ന ആവശ്യം പലപ്പോഴും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ആഴ്ച ഗണേഷ്കുമാര് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണി പെടുത്തിയത്. തുടര്‍ന്നാണ് മന്ത്രിസഭാ പ്രവേശനം ചര്‍ച്ചയായത്.
ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്ന കാര്യം 28ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണു മുഖ്യമന്ത്രിയുടെ തീരുമാനം. മുന്നണി അനുവദിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനം നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്ന നിലപാടും ഉമ്മന്‍ചാണ്ടി യോഗത്തില്‍ വ്യക്തമാക്കും. ഇതോടെ കെപിസിസി പ്രസിഡന്റും പ്രതിസന്ധിയിലാകുമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രസിഡന്റിന് യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ രമേശ് ചെന്നിത്തലയുടെ എതിര്‍പ്പിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് ഗണേഷിനെ മാറ്റി നിര്‍ത്താം.
കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി.ജോര്‍ജും ഗണേഷ് കുമാറിനോടുള്ള എതിര്‍പ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ഘടകകക്ഷികളുടെ നിലപാടുകളും മയപ്പെട്ടിട്ടുണ്ട്. ഗണേഷ് കുമാര്‍ മന്ത്രിയാകുകയാണെങ്കില്‍ ഇപ്പോഴുള്ള ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന് സ്ഥാനങ്ങള്‍ക്ക് കാബിനറ്റ് പദവി വേണമെന്ന അവകാശ വാദം മുന്നോട്ടു വയ്ക്കാമെന്ന ധാരണയിലാണ് ഘടകകക്ഷികള്‍ എതിര്‍ക്കാതിരിക്കുന്നത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: