ന്യൂദല്‍ഹി: താന്‍ രാജ്യത്തെ നിയമത്തിനതീതനല്ലെന്നും, സിബിഐക്കോ മറ്റാര്‍ക്കെങ്കിലുമോ ചോദിക്കാനുണ്ടെങ്കില്‍ എനിക്കൊന്നും ഒളിക്കാനില്ലെന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് കല്‍ക്കരിപ്പാട അഴിമതിയെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ചു. റഷ്യാ-ചൈനാ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ വിമാനത്തില്‍ വെച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പരമോന്നതനെ ചോദ്യം ചെയ്യണമെന്ന സുപ്രീം കോടതി പരാമര്‍ശം വന്നതും സിബിഐ അതിനുള്ള നടപടികള്‍ തുടങ്ങിയതുമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ മനസ്സു തുറക്കലിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എല്ലാം പറയാന്‍ ഒരുക്കമാണെന്ന മന്മോഹന്റെ പ്രസ്താവന പല രാഷ്ട്രീയ ലക്ഷ്യങ്ങളും കണ്ടാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. മന്മോഹന് തുടര്‍ന്നു നടത്തിയ വിശദീകരണങ്ങള്‍ അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു.
അഴിമതികള്ക്കുമേല് അഴിമതിയാരോപണങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലേ എന്ന ചോദ്യത്തിന് സിംഗ് ഇങ്ങനെ മറുപടി പറഞ്ഞു, ഒന്നാം യുപിഎയുടെ കാലം കഴിഞ്ഞപ്പോള്‍ പൊതു തെരഞ്ഞെടുപ്പു വന്നു. കോണ്‍ഗ്രസ് സുഖമായി ജയിച്ചു. എനിക്കുറപ്പുണ്ട്, 2014-ലെ തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ രാജ്യം ഒരിക്കല്‍കൂടി അമ്പരക്കുമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: