ബംഗളൂരു: പ്രശസ്ത പിന്നണി ഗായകന് മന്നാഡേ (94) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറനാളായി ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന മന്നാഡേയുടെ സ്ഥിതി ബുധനാഴ്ച്ച രാത്രിയോടെ വഷളാകുകയും ബുധനാഴ്ച്ച പുലര്‍ച്ചയ്ക്ക് അന്ത്യം സംഭവിക്കുകയുമായിരുന്നു.
ചെമ്മീനിലെ മാനസ മൈനേ വരൂ എന്ന ഗാനമാണ് മന്നാഡേയെ മലയാളികളുടെ പ്രിയഗായകനാക്കിയത്. പി. ജയചന്ദ്രനൊപ്പം നെല്ല് എന്ന മലയാളചിത്രത്തിലും അദ്ദേഹം പാടിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ തുടങ്ങിയ ഭാഷകളിലായി നാലായിരത്തോളം പാട്ടുകളാണ് മ ന്നാഡേ പാടിയിട്ടുള്ളത്. ഏഴ് പതിറ്റാണ്ടായി സംഗീത മേഖലയിലെ നിറ സാന്നിധ്യമായിരുന്നു മന്നാഡേ.
1919ല്‍ ബംഗാളിലായിരുന്നു പ്രഭോത് ചന്ദ്ര ഡേ എന്ന മന്നാഡേയുടെ ജനനം. പൂര്‍ണ ചന്ദ്രയും മഹാമായ ഡേയുമായിരുന്നു മാതാപിതാക്കള്‍. അമ്മാവനും സംഗീതജ്ഞനുമായ കൃഷ്ണചന്ദ്ര ഡേയാണ് മന്നാഡേയെ സംഗീതലോകത്തേക്ക് ആനയിച്ചത്. പഠനം പൂര്‍ത്തിയാക്കിയ മന്നാഡേ സംഗീതത്തിന്റെ വഴി തെരഞ്ഞെടുത്ത് അമ്മാവനൊപ്പം കൂടുകയായിരുന്നു. പിന്നണി ഗാനരംഗത്തേക്ക് കടന്ന അദ്ദേഹം പിന്നീട് എസ്.ഡി.ബര്‍മനൊപ്പം സംഗീതസംവിധാനസഹായിയായി. 1942ല്‍ തമന്ന എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്.
1971ല്‍ പത്മശ്രീയും 2005ല്‍ പത്മഭൂഷനും നല്കി രാജ്യം ആ മഹാപ്രതിഭയെ ആദരിച്ചു. 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും ലഭിച്ചു. 1969, 71, വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും മന്നാഡേ നേടി. രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി മന്നാഡേക്ക് ഡി-ലിറ്റ് നല്കി ആദരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിനി സുലോചനയാണ് ഭാര്യ. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധിച്ച് സുലോചന മരിച്ചതിനെത്തുടര്‍ന്ന് സംഗീതവേദികളിലെ തിരക്കുകളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു മന്നാഡേ. മുംബൈയില്‍ നിന്ന് അദ്ദേഹം ബംഗളൂരുവിലേക്ക് താമസവും മാറ്റിയിരുന്നു. ഷുരോമ, സുമിത എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: