കൊച്ചി: ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലിന് ഇന്ന് തുടക്കമാകും. ഈ മാസം 27 വരെ നടക്കുന്ന യോഗത്തില്‍ അതിര്‍ത്തി സുരക്ഷയുള്‍പ്പെടെ മൂന്ന് നിര്‍ണായക വിഷയങ്ങളെക്കുറിച്ച് പ്രമേയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ നടക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ അറിയിച്ചു.
എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ആസ്ഥാനമായ മാധവനിവാസിന് സമീപം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന യോഗം രാവിലെ 8.30 ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സര്‍കാര്യവാഹ് സുരേഷ് ജോഷി അധ്യക്ഷത വഹിക്കും.
ഇതാദ്യമായാണ് ആര്‍എസ്എസിന്റെ നിര്‍ണായക യോഗം കേരളത്തില്‍ നടക്കുന്നത്.
സംഘത്തിന്റെ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും വരും വര്‍ഷത്തെ ആസൂത്രണവും യോഗം ചര്‍ച്ചചെയ്യും.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികത്തില് നാട്ടിലെമ്പാടും നടത്തിയ ആഘോഷങ്ങളില്‍ ആര്‍എസ്എസ്സും പങ്കുകൊണ്ടു. അതിന്റെ വിജയം വിലയിരുത്തും. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിജ്ഞാ ദിനത്തില്‍ 11.5 ലക്ഷം പേര് രാജ്യമെമ്പാടുമായി പങ്കെടുത്തു. അതില്‍ 9.5 ലക്ഷം പേര് പുരുഷന്മാരും രണ്ടുലക്ഷത്തോളം സ്ത്രീകളുമായിരുന്നു.
സംഘത്തിന്റെ കാഴ്ചപ്പാടില്‍ ഭാരതത്തില്‍ 11 മേഖലകളും 42 സംസ്ഥാനങ്ങളുമാണുള്ളത്. ഇവിടങ്ങളില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ ചുമതല വഹിക്കുന്നവരാണ് അഖില ഭാരതീയ കാര്യകാരിയോഗത്തില് പങ്കെടുക്കുന്നത്.
രാജ്യാതിര്‍ത്തിയിലെ സുരക്ഷാ പ്രശ്നമാണ് യോഗം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ പ്രമുഖം. അതിര്‍ത്തി കാര്യത്തില്‍ സര്‍ക്കാരിന് ഒരുറച്ച വിദേശ നയം ആവശ്യമാണ്. അതിര്‍ത്തി രക്ഷാ സൈന്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ മേഖലകളില്‍ വസിക്കുന്ന ജനങ്ങളുടെ ശോചനീയമായ ജീവിത സാഹചര്യങ്ങളും പ്രമേയത്തില്‍ വരും. മറ്റൊന്ന് പരിസ്ഥിതി വിഷയത്തിലാണ്. പരിസ്ഥിതിക്കു കോട്ടം തട്ടാത്ത തരത്തിലാവണം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. മൂന്നാമത്തെ പ്രമേയം വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചാണ്. രാജ്യം നേരിടുന്ന ഈ പ്രശ്നത്തിന്റെ ഗൗരവം ദക്ഷിണേന്ത്യക്കാര്‍ക്ക് കൂടുതല്‍ ബോധ്യമുള്ളതാണ്. കൂടുതല്‍ ചര്‍ച്ചകളില്‍ മറ്റു വിഷയങ്ങളും പ്രമേയമാകാനിടയുണ്ടെന്ന് മന്മോഹന് വൈദ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തിന്റെയാകെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതു നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തില്‍ സന്യാസിമാരാണ് മുന്നില്‍, ആര്‍എസ്എസ് അതിനൊപ്പമുണ്ടാകും. അവിടം രാമജന്മഭൂമിയാണെന്നും അവിടെ വേണ്ടതു രാമക്ഷേത്രമാണെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് വിധി പറഞ്ഞിട്ടുള്ളതാണ്. ക്ഷേത്രനിര്‍മ്മാണത്തിനു സമയക്രമമൊന്നും പറയാനാവില്ല. സുപ്രീം കോടതിയിലാണിപ്പോള്‍ കേസ്. കോടതി തീരുമാനം പറയണം, അല്ലെങ്കില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തണം. ഇതിനായി രാജ്യത്തെ മുഴുവന്‍ എംപിമാരെയും കണ്ടു ചര്‍ച്ച നടത്തി. അവരെല്ലാംതന്നെ വ്യക്തിപരമായി രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാണ്.
ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ രാജ്യത്തെ സ്ഥിതി വിശേഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ വന്നതാണ്. ഒരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ല.
സര്‍സംഘചാലകിന്റെ വിജയദശമി പ്രസംഗത്തില്‍ പരാമര്‍ശിച്ച നൂറുശതമാനം വോട്ടിംഗിന്റെ കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: