തിരുവനന്തപുരം: കടകംപള്ളിയില്‍ ഭുമി തട്ടിപ്പിന് ഇരയായവര്‍ക്ക് നീതി കിട്ടുന്നതിന് ജനകീയ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിയുടെ സഹായികള്‍ ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തുകയാണെന്നും വി.എസ് പറഞ്ഞു. കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിന് ഇരയായവരെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയ്യാറാകണം. സലിംരാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് പറയുന്നത്. ആരെന്ന് പേര് പറയാന്‍ കോടതി മടിക്കുകയാണ്. ഹൈക്കോടതിക്ക് മുകളില്‍ സുപ്രീംകോടതി ഉണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും വി.എസ് പറഞ്ഞു.
കടകംപള്ളിയിലെത്തിയ വി.എസ് തട്ടിപ്പിനിരയായ ഓരോരുത്തരില്‍ നിന്നും പരാതി കേട്ടു. ചില രേഖകള്‍ അദ്ദേഹം പരിശോധിക്കുകയും ചെയ്തു. പ്രാദേശിക എല്‍ .ഡി.എഫ് നേതാക്കളും വി. എസിനെ അനുഗമിച്ചു. എല്‍ .ഡി.എഫ് നാളെ സംഘടിപ്പിക്കുന്ന പരാതിക്കാരുടെ കൂട്ടായ്മയ്ക്ക് മുന്നോടിയായാണ് വി.എസ് എത്തിയത്.
തങ്ങളുടെ ഭൂമിയുടെ തണ്ടപ്പേര് മാറ്റുകയും 2012 വരെ കരമടച്ച ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ വി.എസിനോട് പരാതിപ്പെട്ടു. ഭൂമി തങ്ങളുടേതല്ലെന്നാണ് വില്ലേജ് ഓഫീസില്‍ നിന്നു പറയുന്നതെന്നും ജനങ്ങള്‍ വി.എസിനോട് പരാതിപ്പെട്ടു. കടകംപള്ളിയില്‍ മുപ്പതോളം കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജ തണ്ടപ്പേര് ചമച്ച് തട്ടിയെടുത്തെന്നാണ് പരാതി. രാഷ്ട്രീയഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ചാണ് ഭൂമി തട്ടിയെടുത്തത്. തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസുകളിലെ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പത്ത് ദിവസത്തിനകം കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഇടക്കാല ഉത്തരവും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: